2025 മാർച്ച് 1
മുപ്പത് വർഷം നീണ്ടു നിന്ന സർക്കാർ സേവനം അവസാനിക്കാൻ ഇനി കൃത്യം ഒരു മാസം. കാസറഗോഡ് ജോയിൻ്റ് ഡയറക്ടർ ഓഫീസിൽ അസിസ്റ്റൻറ് ഡയറക്ടറാണ്. ആവശ്യത്തിന് അവധിയുണ്ട്. ഏകദേശം അഞ്ചുമാസം അവധിയെടുക്കാനുള്ള വിഭവങ്ങൾ അക്കൗണ്ടിലുണ്ട്. അവസാന ദിവസം വരെ ജോലി ചെയ്യുന്നതാണ് ശരിയെന്ന് മനസ്സു പറഞ്ഞു കൊണ്ടിരുന്നു. അതു പ്രകാരം അവസാന മാസത്തേക്ക് കാലെടുത്ത് വച്ചപ്പോഴും അവധിയെക്കുറിച്ച് ആലോചിച്ചതേയില്ല.
സാധാരണ പോലെ ത്തന്നെ രാവിലെ ഓഫീസിലെത്തി. ഇ ഓഫീസിലെ ഫയലുകൾ ഓരോന്നായി തീർപ്പാക്കി. ഓഫീസിൽ ഇങ്ങനെയൊരു മാറ്റം പത്തു വർഷമായി ചർച്ച ചെയ്തു വരുന്നുവെങ്കിലും പേപ്പറും പേനയും ഫയൽ പാഡുമില്ലാതെയുള്ള പേപ്പർ ലെസ്സ് ഓഫീസ്.
രാവിലെ പതിനൊന്നു മണിക്ക് ഒരു ഓൺലൈൻ യോഗം നടത്തേണ്ടതുണ്ട്.. ക്ലാർക്ക് ചിത്ര വന്ന് ഓർമ്മിപ്പിച്ചു. ഹാജരിൽ രണ്ട് പേർ കുറവുണ്ട്. അതു കൊണ്ടു തന്നെ യോഗം 10 മിനിട്ട് വൈകി. സർക്കാറിൻ്റെ കരുതലും കൈത്താങ്ങും അദാലത്ത് പരാതികൾ തീർപ്പാക്കണം. മാർച്ചിലെ തിരക്കാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. അദാലത്തിലെ കഴമ്പുള്ളതും ഇല്ലാത്തതുമായ പരാതികൾക്ക് കൃത്യമായ മറുപടി നൽകണം. സെക്രട്ടറിമാരെ കുറ്റം പറയാൻ കഴിയില്ല. അവർക്ക് നൂറു കൂട്ടം ഉത്തരവാദിത്വം ഉള്ളതാണ്. യോഗത്തിൽ പറയാനുള്ളതൊക്കെ സംക്ഷിപ്തമായി പറഞ്ഞ് പെട്ടെന്ന് യോഗം അവസാനിപ്പിച്ചു.
യോഗം കഴിഞ്ഞപ്പോഴാണ് കുമ്പളയിലെ യശശരീരനായ അനന്ത പൈയുടെ മകൻ സുധീർ പൈ എത്തുന്നത്. പിതാവ് പാർത്ഥി സുബ്ബ യക്ഷഗാന കേന്ദ്രത്തിൻ്റ നിർമ്മാണ കമ്മിറ്റി കൺവീനറായിരുന്നു. കോടതി നിർദ്ദേശപ്രകാരം കിട്ടാനുള്ള തുക മാറിക്കിട്ടുന്നില്ല. ട്രഷറിയിൽ തടസ്സം പറയുന്നു. എന്തു ചെയ്യണമെന്നറിയാതെ ഉപദേശം തേടിവന്നതാണ്. വളരെ സങ്കീർണ്ണമായ വിഷയമാണെന്നറിയാം. മുമ്പ് ഫയൽ കൈകാര്യം ചെയ്ത അസിസ്റ്റൻറ് ഡയറക്ടർ സുഭാഷിനെ വിളിച്ചു. പഴയ ADC ഓഫീസിലെ ഫയലാണ്. ക്ലാർക്ക് രജിന ഫയൽ തപ്പിയെടുത്തു. ഉച്ചയ്ക്ക് ശേഷം ചിലരേഖകളുമായി ജില്ലാ ട്രഷറി ഓഫീസറെ കണ്ടു. ഒട്ടും പ്രതീക്ഷ തരുന്നതായിരുന്നില്ല കൂടിക്കാഴ്ച. നൂലാമാല വളരെ സങ്കീർണ്ണമാണ്. ഉദ്യോഗസ്ഥരും മൊത്തം സിസ്റ്റം തന്നെയും കൈമലർത്തും ജനങ്ങൾ നിസ്സഹായരായി ഓടി നടക്കും. കോടതി വിധിയും സർക്കാർ ഉത്തരവും ഒക്കെ അനുകൂലമാണെങ്കിലും പിതാവ് പൊതു ആവശ്യത്തിന് ചിലവഴിച്ച കാശ് കിട്ടാൻ പരക്കം പാഞ്ഞ പൈയുടെ മുന്നിൽ സാങ്കേതികത്വം കീറാമുട്ടിയായി നിലകൊണ്ടു.
പൈയെ സഹായിക്കണമെന്നുണ്ട്. പക്ഷെ എങ്ങനെ ?
ശനിയാഴ്ചയാണ് കൊയിലാണ്ടിയിലുള്ള വീട്ടിലെത്തണം. മാവേലി എക്സപ്രസ്സിൽ സീസൺ ടിക്കറ്റ് യാത്രയോടെ ഒരു ദിവസം കൂടി പിന്നിട്ടു.

0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home