2025 മാർച്ച് 5
05/03/2025
ഇന്ന് പുറപ്പാട് പയ്യന്നൂരിൽ നിന്നാണ്. കൈയ്യിൽ പാഥേയവുമായി മംഗലാപുരം ലോക്കൽ ട്രെയിനാണ്. ട്രെയിൻ പയ്യന്നൂർ എത്തുമ്പോഴേയ്ക്കും ട്രെയിൻിൽ ഇരിപ്പിടം ബാക്കിയുണ്ടാവില്ല. വളരെ ആസൂത്രിതമായ ചില നീക്കങ്ങൾ നടത്തിയാൽ സീറ്റ് തരപ്പെടും. മിക്കവാറും കാസറഗോഡ് വരെ നിക്കേണ്ടിവരാറുണ്ട്. ട്രെയിൻ കാസറഗോഡ് എത്തുന്നത് വലിയ ഒരു കോലാഹലത്തോടെയായിരിക്കും. യാത്രക്കാർ ഇറങ്ങാൻ തിരക്കു കൂട്ടും ഇറങ്ങിക്കഴിഞ്ഞാ ബസ് പിടിക്കാനുള്ള യുദ്ധസമാനമായ തിടുക്കമാണ്. സ്റ്റെയറിനടുത്തെത്തിയാൽ മുൻ പിൻ ചിന്തയില്ലാതെ തള്ളി നീങ്ങണം. മടി കാണിച്ചാൽ വാലറ്റക്കാരനാകും. മിക്കവാറും കളക്ടറേറ്റിലേയ്ക്ക് പോകുന്ന ബസ്സിൽ അവസാനം കയറുന്നത് ഞാനായിരിക്കും. അങ്ങനെ അന്നത്തെ ദിവസം കെ എസ് ആർ ടി സിയിൽ ഫുട്ബോർഡിൽ ഒറ്റക്കാലിൽ നിന്ന് യാത്രചെയ്യുമ്പോൾ സഹയാത്രികനായ ഇൻറേണൽ വിജിലൻസ് ഓഫീസർ ചെവിയിൽ പറഞ്ഞു. ഇനി ഇരുപത്തിയാറു ദിവസം.
അതെ റിട്ടയർമെൻ്റിന് ഇനി ഇരുപത്തിയാറു ദിവസം. ബോദ്ധ്യമുണ്ട് ആ അനിവാര്യത.
ലോക്കൽ ട്രയിനിൽ വന്നാഞ കൃത്യ സമയത്ത് ഓഫീസിലെത്താം.
വിവരാവകാശ നിയമപ്രകാരമുള്ള ഒന്നാം അപ്പീൽ അതോറിറ്റിയുടെ ഹിയറിംങ്ങുകൾ ഇന്നാണ്. ഭരണ പരമായ സൌകര്യാർത്ഥം എല്ലാ ബുധനാഴ്ചയും ഇതിനായി നീക്കി വച്ചിരിക്കുകയാണ്. പൊതുജനങ്ങൾക്ക് പൊതു അധികാരികളുടെ പക്കൽ നിന്ന് വിവരങ്ങക്ൾ ലഭിക്കുന്നതിനായി നടപ്പിലാക്കുന്ന കേന്ദ്രനിയമ ത്തിലെ ഒന്നാം അപ്പീൽ അതോറിറ്റിയുടെ വേഷമാണ് അണിയേണ്ടത്. പഞ്ചായത്തുകളിൽ വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷകൾ വേണ്ടത്ര വരും. അവയിൽ ചുരുക്കം ചിലത് അപ്പീലായി എൻ്റെ മുന്നിലെത്തും. കുറഞ്ഞത് ആഴ്ചയിൽ രണ്ട് അപേരക്ഷകളുണ്ടാകും. അപേക്ഷകരുടെയും പബ്ലിക് ഇൻഫോർമേഷൻ ഓഫീസർമാരുടെയും സൗകര്യാർത്ഥം ഓൺലൈൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കും അപേക്ഷകർക്കും അവശ്യമെങ്കിൽ ഓൺലൈനായി ഹിയറിംഗിൽ പങ്കെടുക്കാം. ഇന്ന് 5 ഹിയറിംങ്ങുകളാണ് നടക്കേണ്ടത്. ക്ലാർക്ക് റെജീന എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്. നിയമത്തിൻറെ പ്രബലമായ പിൻബലമുള്ള വിഷയമായതിനാൽ തന്നെ ആവശ്യത്തിലേറെ ജാഗ്രത ഓഫീസിൽ ഈ വിഷയത്തിൽ പുലർത്തിയിട്ടുണ്ട്.
ബദിയടുക്ക,തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തുകളിലെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരിൽ ഒരാൾ ഓൺലൈനായും മറ്റൊരാൾ നേരിട്ടും ഹിയറിങ്ങിൽ ഹാജരായി.മറ്റു മൂന്നു പഞ്ചായത്തുകളിലെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരും ഹിയറിങ്ങിൽ ഹാജരായില്ല.തൃക്കരിപ്പൂർ, ബദിയഡുക്ക, പുത്തിഗെ ഗ്രാമപഞ്ചായത്തുകളിലെ അപേക്ഷകരിൽ രണ്ടുപേർ നേരിട്ടും ഒരാൾ ഓൺലൈനായും അപ്പീൽ അതോറിറ്റിക്ക് മുന്നിൽ ഹാജരായി. അപേക്ഷകർ മിക്കവാറും ആവശ്യപ്പെട്ട വിവരങ്ങൾ ലഭിക്കാത്തതിനാൽ ആണ് അപ്പീൽ സമർപ്പിച്ചിട്ടുള്ളത്. എല്ലാവരെയും ഹിയർ ചെയ്തു സമാധാനിപ്പിച്ച് വിട്ടു. പഞ്ചായത്തുകളോട് കാലതാമസമില്ലാതെ വിവരങ്ങൾ നൽകാൻ നിർദ്ദേശിച്ചു. പരാതിക്കാർ നല്ല ചൂടിലായിരിക്കും. അനുഭാവപൂർവ്വം ഇടപെട്ടാൽത്തന്നെ അവർക്ക് സമാധാനമാകും. ഇനി അത് അപ്പീൽ അതോറിറ്റിയുടെ ഉത്തരവായി തയ്യാറാക്കി നൽകണം.
12 മണിക്ക് ജില്ലാ കളക്ടർ വിളിച്ചു ചേർത്ത അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി അവലോകന യോഗത്തിൽ പങ്കെടുത്തു.നവംബർ 2025 ഓടെ ജില്ലയെ അതി ദാരിദ്ര്യമുക്ത ജില്ലയായി പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ കളക്ടർ.അതിനായി പത്തോളം ഉദ്യോഗസ്ഥർക്ക് ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ചുമതലകൾ വീതിച്ചു നൽകിയിട്ടുണ്ട്.കൃത്യമായി കാര്യങ്ങൾ വിശകലനം ചെയ്ത ജില്ലാ കളക്ടർ പ്രതിദിനം സ്ഥിതിഗതികൾ വിലയിരുത്തി പുരോഗതി ഉറപ്പുവരുത്തണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.ഒരു മണിക്ക് യോഗം അവസാനിച്ചു.
ഉച്ചയ്ക്കുശേഷം കുമ്പള ഗ്രാമപഞ്ചായത്തിൽ നികുതി ശേഖരണ അവലോകനയോഗം വച്ചിട്ടുണ്ടായിരുന്നു. ഭരണസമിതി അംഗങ്ങളും കൂടി പങ്കെടുക്കുന്ന പ്രസ്തുത യോഗത്തിലേക്ക് ഡെപ്യൂട്ടി ഡയറക്ടറോടൊപ്പം ചെങ്കള ഗ്രാമപഞ്ചായത്തിൻറെ വാഹനത്തിൽ യാത്രയായി. സംസ്ഥാനത്തെ ഏറ്റവും വലിയ വകുപ്പാണ്. ജില്ലാ തലവന് സ്വന്തമായി വാഹനമില്ലാത്തത് ഒരു കുറവ് തന്നെയാണ്. ആവശ്യത്തിന് യാത്ര നടത്താൻ പഞ്ചായത്തുകളുടെ അല്ലെങ്കിൽ ശുചിത്വമിഷൻ്റെ വാഹനം ഉപയോഗിക്കുക എന്നുള്ളത് മാത്രമാണ് ഏക ഉപാധി.
കുമ്പള ഗ്രാമപഞ്ചായത്തിൽ പ്രസിഡണ്ട് കൂടാതെ മറ്റ് അംഗങ്ങളുടെ സാന്നിധ്യത്തിൽ ഒന്നരമണിക്കൂർ നീണ്ട അവലോകന യോഗത്തിൽ നടപ്പ് സാമ്പത്തിക വർഷം 100% നികുതി ശേഖരിക്കുന്നതിലേക്കുള്ള കർമ്മ പദ്ധതി തയ്യാറാക്കുകയും പദ്ധതിക്കനുസരിച്ച് കൃത്യമായി പ്രവർത്തിക്കുന്നതിനുള്ള നിർദ്ദേശവും നൽകി. അതോടൊപ്പം സുധീർ പൈയുടെ യക്ഷഗാന നിർമ്മാണ ത്തിൻറെ ബില്ല് തയ്യാറാക്കുന്നതും ആയി ബന്ധപ്പെട്ട സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അസിസ്റ്റൻറ് സെക്രട്ടറിയുമായി സംസാരിച്ചു.

0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home