2025, മാർച്ച് 24
രാവിലെ സർക്കാർ ഉദ്യോഗസ്ഥ വേഷം ധരിച്ച് 5.30 ന് ആരംഭിച്ച യാത്ര പത്തു മണിയോടെ കാസറഗോഡെത്തി. തിങ്കളാഴ്ചകൾക്കൊരു പ്രത്യേകതയുണ്ട്. വണ്ടിയിൽ നല്ല തിരക്കായിരിക്കും ഒരു പത്ത് മിനിട്ട് വൈകുകയും ചെയ്യും. ഇൻകം ടാക്സ് ഓഫീസർ ശ്രീജേഷിൻ്റെ വാഹനത്തിൽ ഓഫീസിലേക്ക്. വൈകിക്കിട്ടിയ സൗഹൃദമാണ് ശ്രീജേഷ്. എന്തും തുറന്ന് സംസാരിക്കാമെന്ന ഘട്ടത്തിലേക്ക് ചുരുങ്ങിയ സമയം കൊണ്ട് വളർന്ന സൗഹൃദം. അടുത്തത് സമപ്രായക്കാരനെന്ന് കരുതിയാണ്. കൂടുതലടുത്തപ്പോഴാണ് എന്നെക്കാണ്ടും പതിനഞ്ച് വർഷം ജൂനിയറാണെന്ന് മനസ്സിലായത്.
രാവിലെ തന്നെ നിയമസഭാ സമിതി സിറ്റിംഗിന് മുന്നോടിയായിട്ടുള്ള ഒരു മീറ്റിംഗ് ആണ് മുൻകാലങ്ങളിലെ ഗുരുതരമായ ഓഡിറ്റ് പരാമർശങ്ങളാണ് നിയമസഭാ സമിതിയുടെ പരിഗണനയ്ക്ക് വരിക. പരാമർശങ്ങൾ നിയമസഭാ സമിതി പരിഗണിക്കുകയും അത് വിലയിരുത്തുകയും ചെയ്യും. കാര്യക്ഷമമായ ഭരണ നിർവഹണം ഉറപ്പുവരുത്താൻ നിയമസഭാംഗങ്ങളുടെ കൂട്ടായ്മയാണ്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഉദാരമായ സമീപനമാണ് നിയമസഭാ സമിതികൾ സ്വീകരിക്കുന്നത് എന്നത് പഞ്ചായത്തുകളെ സംബന്ധിച്ച് ആശ്വസ പ്രദമാണ്. ഏപ്രിൽ ഏഴാം തീയതിയാണ്. അതിനു മുന്നോടിയായി നിയമസഭ സമിതി അംഗങ്ങൾക്ക് റിപ്പോർട്ടുകൾ നൽകേണ്ടതുണ്ട്. അത് തയ്യാറാക്കുന്നതിനായുള്ള ഒരു യോഗമാണ് ഇന്ന് നടന്നത് കാസർഗോഡ് മുനിസിപ്പാലിറ്റി പൂത്തിഗെ ഗ്രാമപഞ്ചായത്ത് എന്നിവരുടെ ഓഡിറ്റ് പരാമർശമാണ് നിയമസഭാ സമിതി പരിഗണിക്കുന്നത്. യോഗം ഓൺലൈനായി നടന്നു പക്ഷേ ഒന്നര മണി വരെ നീണ്ടു.
ഉച്ചയ്ക്കുശേഷം ജില്ലാ പദ്ധതി സംബന്ധിച്ച് മറ്റൊരു ഓൺലൈൻ യോഗത്തിൽ പങ്കെടുക്കേണ്ടതുണ്ടായിരുന്നു. ജെഡി ഓഫീസിലെ നോഡൽ ഓഫീസർ എന്ന നിലയിലാണ് യോഗത്തിൽ പങ്കെടുത്തത്.
ഇതിനിടയിൽ നിയമസഭാ ചോദ്യങ്ങൾ മറ്റ് ഓഡിറ്റ് ഫയലുകൾ എന്നിവ ഇ ഫയലിലൂടെ വന്നുകൊണ്ടിരുന്നു.
ഇപ്പോൾ ഫയലുകളുടെ മൂവ്മെൻറ് നല്ല വേഗതയിലാണ്. ഇ ഓഫീസ് സംവിധാനത്തിനാണ് നന്ദി പറയേണ്ടത്. പ്രൊജക്ടുകളുടെ വെറ്റിംഗും ( Approval) ഇനിയും പൂർത്തിയായിരുന്നില്ല. പഞ്ചായത്തുകളുമായി ബന്ധപ്പെട്ട് പത്ത് പ്രൊജക്ടുകൾ അംഗീകരിച്ചു കൊടുത്തു.
വൈകുന്നേരം നാലു മണിയോടെ വിജിലൻസ് കേസിൽ എൻ്റെ വിശദീകരണം സ്വീകരിച്ച് ശിക്ഷാനടപടികൾ തീർപ്പാക്കിയതായുള്ള സർക്കാർ ഉത്തരവ് മെയിലിൽ വന്നു. പറഞ്ഞിറിയിക്കാനാവാത്ത ആശ്വാസം. കുറ്റം ചെയ്തോ ഇല്ലേ എന്നുള്ളതല്ല. ഇത്തരം ഫയലുകൾ തീർപ്പാകാതെ കിടന്നാൽ സർവീസിൽ അതൊരു ബ്ലാക്ക് മാർക്ക് തന്നെയായിരിക്കും.
ഏതായാലും വിരമിക്കുന്നതിന് മുന്നേ ബാദ്ധ്യത ഒഴിവായി. ഇനി തലയുയർത്തിത്തന്നെ പുറത്തിറങ്ങാം. !

0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home