Tuesday, March 25, 2025

2025, മാർച്ച് 25

 മറ്റൊരു സുദിനം ട്രെയിൻ വല്ലാത്തെ ലെയ്റ്റാണ്. അഭിലാഷിനൊപ്പം ഓട്ടോ പിടിച്ചാണ് ഓഫീസിലെത്തിയത്. ഓഫീസിലെയും സമീപത്തെ ഓഫീസുകളിലെയും സഹപ്രവർ കർക്ക് ഉച്ചഭക്ഷണം ഒരുക്കിയിട്ടുണ്ട്. സ്റ്റാഫ് സെക്രട്ടറിയുമായി അവസാനവട്ട ഒരുക്കങ്ങൾ ഉറപ്പു വരുത്തി. എല്ലാവരും സജ്ജരാണ്. കുഴപ്പമില്ല.

ഡെപ്യൂട്ടി ഡയറക്ടർ 100 % നികുതി പിരിവ് ഉറപ്പു വരുത്തുന്നതിനുള്ള ഓട്ടപ്പാച്ചിലിലാണ്.അവലോകന യോഗത്തിൽ പങ്കെടുത്തു.പന്ത്രണ്ട് മണിയോടെ അതിഥികൾ എത്തിത്തുടങ്ങി. ക്ഷണിച്ച95% പേരും വന്നെത്തി. എല്ലാവരും സന്തോഷത്തോടെ യാത്ര പറഞ്ഞ് പോയി.

ഫയലുകൾ തീർത്തു കൊണ്ടിരുന്നു. വലിയപറമ്പയുടെയും തൃക്കരിപ്പൂരിൻ്റയും പ്രൊജക്ട്റ്റ് വെറ്റ് ചെയ്യണമായിരുന്നു.വൈകുന്നേരം ഇറങ്ങുന്നതിന് മുന്നേ അതും പുർത്തിയാക്കി.

Monday, March 24, 2025

2025, മാർച്ച് 24

രാവിലെ സർക്കാർ ഉദ്യോഗസ്ഥ വേഷം ധരിച്ച് 5.30 ന് ആരംഭിച്ച യാത്ര പത്തു മണിയോടെ കാസറഗോഡെത്തി. തിങ്കളാഴ്ചകൾക്കൊരു പ്രത്യേകതയുണ്ട്. വണ്ടിയിൽ നല്ല തിരക്കായിരിക്കും ഒരു പത്ത് മിനിട്ട് വൈകുകയും ചെയ്യും. ഇൻകം ടാക്സ് ഓഫീസർ ശ്രീജേഷിൻ്റെ വാഹനത്തിൽ ഓഫീസിലേക്ക്. വൈകിക്കിട്ടിയ സൗഹൃദമാണ് ശ്രീജേഷ്. എന്തും തുറന്ന് സംസാരിക്കാമെന്ന ഘട്ടത്തിലേക്ക് ചുരുങ്ങിയ സമയം കൊണ്ട് വളർന്ന സൗഹൃദം. അടുത്തത് സമപ്രായക്കാരനെന്ന് കരുതിയാണ്. കൂടുതലടുത്തപ്പോഴാണ് എന്നെക്കാണ്ടും പതിനഞ്ച് വർഷം ജൂനിയറാണെന്ന് മനസ്സിലായത്.

രാവിലെ തന്നെ നിയമസഭാ സമിതി സിറ്റിംഗിന്  മുന്നോടിയായിട്ടുള്ള ഒരു മീറ്റിംഗ് ആണ് മുൻകാലങ്ങളിലെ ഗുരുതരമായ ഓഡിറ്റ് പരാമർശങ്ങളാണ് നിയമസഭാ സമിതിയുടെ പരിഗണനയ്ക്ക് വരിക. പരാമർശങ്ങൾ നിയമസഭാ സമിതി പരിഗണിക്കുകയും അത് വിലയിരുത്തുകയും ചെയ്യും. കാര്യക്ഷമമായ ഭരണ നിർവഹണം ഉറപ്പുവരുത്താൻ നിയമസഭാംഗങ്ങളുടെ കൂട്ടായ്മയാണ്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഉദാരമായ സമീപനമാണ് നിയമസഭാ സമിതികൾ സ്വീകരിക്കുന്നത് എന്നത് പഞ്ചായത്തുകളെ സംബന്ധിച്ച് ആശ്വസ പ്രദമാണ്. ഏപ്രിൽ ഏഴാം തീയതിയാണ്. അതിനു മുന്നോടിയായി നിയമസഭ സമിതി അംഗങ്ങൾക്ക് റിപ്പോർട്ടുകൾ നൽകേണ്ടതുണ്ട്. അത് തയ്യാറാക്കുന്നതിനായുള്ള ഒരു യോഗമാണ് ഇന്ന് നടന്നത് കാസർഗോഡ് മുനിസിപ്പാലിറ്റി പൂത്തിഗെ ഗ്രാമപഞ്ചായത്ത് എന്നിവരുടെ ഓഡിറ്റ് പരാമർശമാണ് നിയമസഭാ സമിതി പരിഗണിക്കുന്നത്. യോഗം ഓൺലൈനായി നടന്നു പക്ഷേ ഒന്നര മണി വരെ നീണ്ടു.

ഉച്ചയ്ക്കുശേഷം ജില്ലാ പദ്ധതി സംബന്ധിച്ച് മറ്റൊരു ഓൺലൈൻ യോഗത്തിൽ പങ്കെടുക്കേണ്ടതുണ്ടായിരുന്നു. ജെഡി ഓഫീസിലെ നോഡൽ ഓഫീസർ എന്ന നിലയിലാണ് യോഗത്തിൽ പങ്കെടുത്തത്.

ഇതിനിടയിൽ നിയമസഭാ ചോദ്യങ്ങൾ മറ്റ് ഓഡിറ്റ് ഫയലുകൾ എന്നിവ ഇ ഫയലിലൂടെ വന്നുകൊണ്ടിരുന്നു. 

ഇപ്പോൾ ഫയലുകളുടെ മൂവ്മെൻറ് നല്ല വേഗതയിലാണ്. ഇ ഓഫീസ് സംവിധാനത്തിനാണ് നന്ദി പറയേണ്ടത്. പ്രൊജക്ടുകളുടെ  വെറ്റിംഗും ( Approval) ഇനിയും പൂർത്തിയായിരുന്നില്ല. പഞ്ചായത്തുകളുമായി ബന്ധപ്പെട്ട് പത്ത് പ്രൊജക്ടുകൾ അംഗീകരിച്ചു കൊടുത്തു.

വൈകുന്നേരം നാലു മണിയോടെ വിജിലൻസ് കേസിൽ എൻ്റെ വിശദീകരണം സ്വീകരിച്ച് ശിക്ഷാനടപടികൾ  തീർപ്പാക്കിയതായുള്ള സർക്കാർ ഉത്തരവ് മെയിലിൽ വന്നു. പറഞ്ഞിറിയിക്കാനാവാത്ത ആശ്വാസം. കുറ്റം ചെയ്തോ ഇല്ലേ എന്നുള്ളതല്ല. ഇത്തരം ഫയലുകൾ തീർപ്പാകാതെ കിടന്നാൽ സർവീസിൽ അതൊരു ബ്ലാക്ക് മാർക്ക് തന്നെയായിരിക്കും. 

ഏതായാലും വിരമിക്കുന്നതിന് മുന്നേ ബാദ്ധ്യത ഒഴിവായി. ഇനി തലയുയർത്തിത്തന്നെ പുറത്തിറങ്ങാം. !

Sunday, March 23, 2025

2025 മാർച്ച് 23

 ഔദ്യോഗിക കാര്യങ്ങളിൽ നിന്ന് പൂർണ്ണ അവധി. സഹപ്രവർത്തകർക്ക് സേവനവിരാമത്തിൻ്റെ ഭാഗമായി ഭക്ഷണം നൽകണം. എല്ലാ സജ്ജീകരണങ്ങളും ഫോണിലൂടെ നടത്തി. വൈകുന്നേരമായപ്പോൾ ജെ ഡി വിളിച്ചു. അടുത്ത ദിവസത്തെ യോഗമാണ് വിഷയം. തിങ്കളാഴ്ച ഞാനുണ്ടാകുമെന്ന് ഉറപ്പു നൽകി.

2025, മാർച്ച് 22

വ്യക്തിപരമായ കാരണങ്ങളാൽ അവധിയെടുത്തു. എന്നാൽ പെർമനൻ്റ് അദാലത്ത് ജില്ലാതല സമിതി യോഗമുണ്ട്. 11.30 മണിക്കാണ്. ഓൺലൈനായി പങ്കെടുത്തു.പത്ത് അപേക്ഷയിലും തീരുമാനമായി. വൈകുന്നേരം ലാപ്പ് തുറന്നു നോക്കിയപ്പോൾ പത്തൊൻപത് ഫയലുകൾ കിടക്കുന്നു. മുഴുവൻ തീർപ്പാക്കി. ഇനി ഒരാഴ്ച മാത്രം മുന്നിൽ.

കുറ്റാരോപണത്തിന്മേൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് പരിശോധനയിൽ മനസ്സിലായി.പോട്ടെ വരുന്ന വഴിക്ക് കാണാം !!!

2025, മാർച്ച് 21

പരവനടുക്കം ഒബ്സർവേഷൻ ഹോമിൽ ജുവനൈൽ ജസ്റ്റിസ് കോടതി സിറ്റിംഗ് നടക്കുന്നു. സമൻസ് ഉണ്ട് സാക്ഷിയായി ഹാജരാകണം.അജാനൂർ സെക്രട്ടറി എന്ന നിലയിൽ കുറ്റകൃത്യം നടത്തിയ പയ്യൻ്റെ ജനന സർട്ടിഫിക്കറ്റ് ഞാനാണ് നൽകിയത്. വളരെ വൈകിയാണ് സാക്ഷി വിസ്താരം തുടങ്ങിയത്.മറ്റൊരു പയ്യനെ വെള്ളത്തിൽ മുക്കിക്കൊന്നതാണ് കേസ്.

പബ്ലിക്ക് പ്രോസിക്യൂട്ടർ സർട്ടിഫിക്കറ്റ് കാണിച്ച് എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞു അതെ ഇന്ന തിയതിയിൽ ഞാൻ ഒപ്പ് വച്ച് നൽകിയ രേഖയാണ്. ജഡ്ജ് മൊഴി രേവപ്പെടുത്തി. എതിർ ഭാഗം വക്കീലിന് വിസ്തരിക്കാനൊന്നുമില്ല. കഴിഞ്ഞു മൊഴിയിൽ ഒപ്പ് രേഖപ്പെടുത്തി.ഉച്ചയായിരുന്നു. ബസ് സൗകര്യം കുറവാണ്.ചെമ്മനാട് ഗ്രാമപഞ്ചായത്തിൻ്റെ വണ്ടിയിയിലായിരുന്നു.വന്നത് വണ്ടി നേരത്തെ വിട്ടിരുന്നു. തിരിച്ചു പോക്ക് ബസിലായിരുന്നു. ദൗർഭാഗ്യവശാൽ കുറച്ചധികം നേരം ബസിനായി കാത്തിരിക്കേണ്ടി വന്നു. വീട്ടിലെത്തി ഇ - ഓഫീസ് പരിശോധിച്ചപ്പോൾ 38 ല ഫയലുകൾ.ഓഫീസിലില്ലെങ്കിലും ഫയലുകൾ നോക്കണം ഇല്ലെങ്കിലൊരു അസ്വസ്ഥതയാണ്. രാത്രി ഒമ്പത് മണിക്ക് തുടങ്ങിയ ഫയൽനോട്ടം പതിനൊന്ന് മണി വരെ നീണ്ടു.

Thursday, March 20, 2025

2025, മാർച്ച് 20

മറ്റൊരു ദിവസം.രാവിലെ തന്നെ ഓഫീസിൽ എത്തി.കുറെ അധികം ഇ-  ഓഫീസ് ഫയലുകൾ വന്നു കിടക്കുന്നുണ്ട്  അസാധാരണമായ ഒരു അതിഥി പരാതിയുമായി ഓഫീസിൽ എത്തിയിരുന്നു. അദ്ദേഹത്തിന് മലയാളമോ കന്നടയോ സംസാരിക്കാൻ കഴിയുമായിരുന്നില്ല. കേവലം ഇംഗ്ലീഷ് മാത്രം ആണ് അദ്ദേഹത്തിന് സംസാരിക്കാൻ കഴിയുന്നത്. നേവൽ ക്യാപ്റ്റൻ ആയിരുന്നു എന്ന് സ്വയം വിശേഷിപ്പിക്കുകയും അതിനായുള്ള ഫോട്ടോകളും മെഡലുകളും പ്രദർശിപ്പിക്കുകയും ചെയ്യുന്നുണ്ട്. അദ്ദേഹത്തിൻറെ ആവലാതി ഒരു പഞ്ചായത്തിൽ നിന്നും  കെട്ടിട നമ്പർ അനുവദിച്ചു കിട്ടിയില്ല എന്നുള്ളതാണ്. അപേക്ഷ കൊടുത്തിട്ട് കുറച്ചു ദിവസമേ ആയിട്ടുള്ളൂ എന്നാൽ അപാകതയുണ്ടെന്ന് ഓഫീസിൽനിന്ന് അറിയിച്ചിട്ടുണ്ട്. ഇത് രേഖാമൂലം കൃത്യതയോടെ കിട്ടണം.ഇതാണ് അദ്ദേഹത്തിൻറെ ആവശ്യം എന്നാൽ അദ്ദേഹത്തിന് കെട്ടിടവുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ ഉണ്ടെന്ന് സംസാരത്തിൽ നിന്നും മനസ്സിലാകുന്നുണ്ട്. ഏതായാലും നമ്മുടെ വിഷയം കെട്ടിട നമ്പർ അനുവദിക്കുക എന്നുള്ളതാണ് , അതിന് ഉള്ള നിർദ്ദേശങ്ങൾ നൽകാമെന്ന് പറഞ്ഞ് അദ്ദേഹത്തെയും കൂടെ വന്ന വക്കീലിനെയും പറഞ്ഞയച്ചു . ഉദ്ദേശം മുക്കാൽ മണിക്കൂർ നേരം അദ്ദേഹത്തിൻറെ കൂടെ ചെലവഴിക്കേണ്ടതായി വന്നു. ഓഫീസിൽ താരതമ്യേന തിരക്ക് കുറവായിരുന്നു .

സ്വകാര്യം ഇന്നത്തെ ദിവസം കഴിഞ്ഞു മാത്രമേ കുറ്റാരോപണ മെമ്മോറിയവുമായി ബന്ധപ്പെട്ടിട്ടുള്ള ഫയലുകൾ അന്വേഷിക്കേണ്ടതുള്ളൂ എന്നതുകൊണ്ട് ഇന്ന് ആരെയും വിളിച്ചു ശല്യം ചെയ്തില്ല . എന്നാൽ പെൻഷൻ അക്കൗണ്ടൻറ് ജനറൽ ഓഫീസിൽ എത്തിയിട്ട് രണ്ടുമാസം കഴിഞ്ഞുവെങ്കിലും പ്രതികരണം ഒന്നുമില്ലാത്തതുകൊണ്ട് അന്വേഷിച്ചറിയാൻ ഒരു സുഹൃത്തിനെ ഏൽപ്പിച്ചു. എല്ലാ കാര്യങ്ങളും പുറകെ ചെന്ന് അന്വേഷിച്ചാൽ മാത്രമേ നടക്കുകയുള്ളൂ എന്ന് സാമാന്യതത്വം തത്വത്തിന് ഇനിയും മാറ്റങ്ങൾ ഇല്ല.

Tuesday, March 18, 2025

2025, മാർച്ച് 18

ഇന്ന് കൊയിലാണ്ടിയിൽ നിന്നാണ് പുറപ്പാട്. ട്രെയിൻ അല്പം വൈകിയതിനാൽ ഓഫീസിൽ എത്താൻ വൈകി.ഇ ഓഫീസ് ഫയലുകൾ തലേദിവസം തന്നെ നോക്കി പൂർത്തീകരിച്ചതിനാൽ കുടിശ്ശിക ജോലികൾ ഒന്നും തന്നെ ഇല്ല.ഉച്ചയ്ക്കുശേഷം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പിഡബ്ല്യുഡി റസ്റ്റ് ഹൗസിനായി കൈമാറുന്നു സ്ഥലം സംബന്ധിച്ച് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരുന്നുണ്ട്   ജോയിൻറ്  ഡയറക്ടർക്ക് വേണ്ടി യോഗത്തിൽ പങ്കെടുത്തു . സ്ഥലം കൈമാറുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുന്നതിന് തീരുമാനിച്ചു . ഓഫീസിൽ രണ്ടു തരത്തിലുള്ള മീറ്റിങ്ങുകൾ നടക്കുന്നുണ്ട്. കെ സ്മാർട്ട് പരിശീലനം പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ നടക്കുന്നു . കൂടാതെ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ സെക്രട്ടറിമാരുടെ പദ്ധതി അവലോകനയോഗവും നടക്കുന്നുണ്ട്. ചുരുക്കം ചില ഈ ഓഫീസ് ഫയലുകൾ വന്നത് ഒഴിച്ച് നിർത്തിയാൽ താരതമ്യേന തിരക്കൊഴിഞ്ഞ ഒരു ദിവസമായിരുന്നു ഇന്നത്തേത്.

ഉദുമ ഗ്രാമ പഞ്ചായത്ത് പബ്ലിക്ക് ഇൻഫോർമേഷൻ ഓഫീസർക്ക് ഒരു വിവരാവകാശ നിയമപ്രകാരമുള്ള ഹിയറിംഗ് അപ്പീലിന് വിധേയമാകേേണ്ടതുണ്ട്.അടുത്ത ദിവസം നടക്കേണ്ട ഹിയറിംഗ് സൗകര്യാർത്ഥം നടത്തി മൊഴി രേഖപ്പെടുത്തി വച്ചു.

സ്വകാര്യം സെക്രട്ടറിയേറ്റിലെ വിജിലൻസ് വിഭാഗത്തിൽ എൻറെ ശിക്ഷാനടപടികൾക്കുള്ള ഫയലുകൾ നീങ്ങുന്നുണ്ട് . ഒരു പിടി കൂടി മുന്നേറിയിട്ടുണ്ടെന്ന് മനസ്സിലായി . എ സി എസ് തലത്തിൽ ഫയൽ എത്തിയതായി മനസ്സിലായി അധികം താമസിയാതെ തീർപ്പാകും എന്ന പ്രതീക്ഷ.....

Monday, March 17, 2025

2025 മാർച്ച് 17

വ്യക്തിപരമായ കാരണങ്ങളാൽ ആകസ്മിക അവധി എടുത്തു. ആകെ പ്രശ്നം നിയമസഭാ ചോദ്യമാണ്.ഇ ഓഫീസ് ആയതിനാൽ വീട്ടിലിരുന്ന് കൈകാര്യം ചെയ്യാം അവധിയാണെങ്കിലും വൈകുന്നേരത്തോടെ ഫയലുകൾ തീർത്തു.

സ്വകാര്യം :- എൻ്റെ കുറ്റാരോപണത്തിന്മേൽ ഫയലിൽ വലിയ നീക്കങ്ങൾ ഉണ്ടായിട്ടില്ല. വിജിലൻസ് വിഭാഗത്തിൽ വിളിച്ചപ്പോൾ മുകളിലോട്ട് വിട്ട ഫയൽ തിരികെ എത്തിയിട്ടില്ലെന്നാണറിയിച്ചത്

2025, മാർച്ച് 16

ഇന്ന് അവധി ദിനമാണ്. മറ്റൊരു ഞായറാഴ്ച.  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ചിലവ ഇന്ന് തുറന്നു പ്രവർത്തിക്കുന്നുണ്ട്. മാർച്ചിലെ തിരക്ക് തന്നെയാണ് കാരണം. മാർച്ച് വർഷങ്ങളായി ചൂടുപിടിച്ച അനുഭവം തന്നെയാണ്. സാമ്പത്തിക വർഷം അവസാനിക്കുന്ന മാസം. മുപ്പതു വർഷങ്ങളായി ഇതിൽ വലിയ മാറ്റങ്ങളുണ്ടായിട്ടില്ല. മാർക്കായിരുന്ന കാലം തൊട്ട് തുടങ്ങിയതാണ് ഈ ചൂട്‌.  എഡിസി ഓഫീസിൽ ഡി ആർ ഡി എയിലേ ക്കുള്ള അലോട്ട്മെൻ്റ് വരുന്നത് മാർച്ച് 31നായിരിക്കും' ബിൽ തയ്യാറാക്കി ട്രാൻസ്ഫർ ക്രഡിറ്റിനായി ട്രഷറിയിൽ കൊടുക്കണം. അന്നതൊരു ഹരമായിരുന്നു. അന്നേ ദിവസം ഓഫീസിൽ  തങ്ങും. പണി ചെറുതെങ്കിലും എല്ലാവരും തങ്ങും. രാത്രി ഭക്ഷണം. ഒരു സിനിമ ഇതൊക്കെ പതിവായിരുന്നു. സെക്രട്ടറിയായിരിക്കുമ്പോൾ ഒട്ടും ലാഘവത്തോടെ എടുക്കാൻ കഴിയാത്ത മാസമായിരിക്കും മാർച്ച്. ശ്രദ്ധക്കുറവുണ്ടായാൽ പണി തന്നെ തെറ്റുമെന്ന അവസ്ഥയിലെ ജാഗ്രത പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. കൊറോണ പൊട്ടിപ്പുറപ്പെട്ട വർഷത്തിലെ മാrച്ചാണ് ആരോരും അറിയാതെ കടന്നു പോയത്. അവസാന നാളുകളിൽ മേൽനോടച്ചുമതലയായതുകൊണ്ട് സമ്മർദ്ദം ന്നത്ര കണ്ട് ഫീൽ ചെയ്തിട്ടില്ല. അതേ മാർച്ചിൽത്തന്നെ സേവനവിരാമവും വരുന്നു.മാർച്ച് പകുതി കടന്നിരിക്കുന്നു. ഇറങ്ങിപ്പോക്ക് എങ്ങനെയൊക്കെയായിരിക്കും.

ഭക്ഷണത്തിന് ആര യൊക്കെ വിളിക്കണം. എന്താണ് കൊടുക്കേണ്ടത്? എന്നാണ് കൊടുക്കേണ്ടത്? റിട്ടയർ ആകുന്ന കാര്യം പലരും നിറഞ്ഞു വരുന്നതേയുള്ളൂ. മനസ്സിൽ നേരിയ സമ്മർദ്ദം അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്.


 ചുമതല തന്നിട്ടുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനം  ഓൺലൈനായി നിരീക്ഷിക്കുക എന്നത് മാത്രമാണ് ഇന്നത്തെ ഔദ്യോഗിക ഉത്തരവാദിത്വം.

2025, മാർച്ച് 15

ഓഫീസിലല്ല ഇന്നത്തെ ഡ്യൂട്ടി.മംഗൽപാടി ഗ്രാമപഞ്ചായത്തിൽ ഒന്ന് സന്ദർശിക്കണം. അവിടെ നികുതി ശേഖരണവുമായി ബന്ധപ്പെട്ട് മേൽനോട്ട ചുമതല ഉണ്ട്. മംഗൽപാടിയിലെ സ്ഥിതി പരിതാപകരമാണ്. മറ്റു ചുമതലയുള്ള ഓഫീസുകളിൽ വേണ്ടത്ര പുരോഗതി ഉണ്ടെങ്കിലും തീരെ പുരോഗതിയില്ലാത്ത അവസ്ഥയാണ് മംഗൽപാടിയിലേത്. ഓഫീസിലെത്തി. മുൻകാലങ്ങളിലെ പോലെ തന്നെ നല്ല തിരക്കാണ് സെക്രട്ടറിയുടെ മുന്നിൽ രണ്ടു മൂന്നു പേരുണ്ട്. ഓഫീസിലാണെങ്കിൽ പത്തോളം പേർ ജീവനക്കാർക്ക് ഇടയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു . റിട്ടയേർഡ് സീനിയർ സൂപ്രണ്ട് സഹായിക്കാനായി ഓഫീസിൽ താൽക്കാലികമായി ജോലി നിർവഹിക്കുന്നുണ്ട് . അദ്ദേഹവുമായി അല്പനേരം സംസാരിച്ചു . പിന്നീട് അസിസ്റ്റൻറ് സെക്രട്ടറി ജൂനിയർ സൂപ്രണ്ട് എന്നിവരുമായി സ്ഥിതിഗതികൾ ചർച്ച ചെയ്തു . വേണ്ടത്ര പുരോഗതി കൈവരിക്കാൻ കഴിയാത്ത കാര്യം ജൂനിയർ സൂപ്രണ്ട് വിശദീകരിച്ചു. ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് കാര്യമായ പിൻബലം ഇല്ല . കുറെയധികം കുടിശിക ഉണ്ട്. ഡിമാൻഡ് നോട്ടീസുകൾ സെർവ് ചെയ്യാൻ കുടുംബശ്രീയുടെ യോ ആശാവർക്കർമാരുടെയോ മറ്റു സന്നദ്ധ സേവകരുടെയോ ജനപ്രതിനിധികളുടെയോ സഹായം ലഭിക്കുന്നില്ല. ജീവനക്കാർക്ക് ആണെങ്കിൽ  ജോലികൾ താങ്ങാൻ കഴിയുന്നില്ല. അതിനിടയിൽ നികുതി പിരിവിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല. ജോയിൻ്റ് ഡയറക്ടർ ഓഫീസിൽ നിന്നും രണ്ടുപേരെ സഹായത്തിനായി മംഗൽപാടിയിലേക്ക് കൊടുത്തിട്ടുണ്ട് . അവരും ആർ ഡിമാൻഡ് നോട്ടീസുകൾ തയ്യാറാക്കുന്നുണ്ട്. കഴിവതും ഡിമാൻഡ് നോട്ടീസിൽ സെർവ് ചെയ്ത് റവന്യൂ റിക്കവറി പ്രോസിക്യൂഷൻ നടപടികളിലേക്ക് കാര്യങ്ങൾ നീക്കുന്നതായിരിക്കും അഭികാമ്യം. ജനപ്രതിനിധികൾ ആരും തന്നെ അന്ന് ഓഫീസിൽ ഉണ്ടായിരുന്നില്ല. സംഭാഷണങ്ങൾക്കും വിലയിരുത്തലുകൾക്കും ശേഷം ഓഫീസ് വിട്ടു നേരെ കുമ്പള ഗ്രാമപഞ്ചായത്തിലേക്ക്. അപ്പോഴേക്കും ഓഫീസിൽ നിന്നും നിയമസഭ ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടതു സംബന്ധിച്ച് സന്ദേശം വന്നു. കുമ്പള ഗ്രാമപഞ്ചായത്തിലെ വൈഫൈ കണക്ഷൻ സ്വന്തം ലാപ്ടോപ്പും ആയി ബന്ധപ്പെടുത്തി അതുവരെയുള്ള പൂർണ്ണ ഓഫീസ് ഫയലുകൾ തീർപ്പാക്കി.

ഓഫീസിൽ ജൂനിയർ സൂപ്രണ്ട് ഉണ്ടായിരുന്നു. പ്രസിഡണ്ടും ചെയർമാനായ സബൂറയും മറ്റുമായി സംസാരിച്ചു.100% നികുതി ശേഖരണ യജ്ഞം ഊർജ്ജിതമാണ്. വിലയിരുത്തുമ്പോൾ ഒന്നുകൂടി ഒന്ന് ആഞ്ഞു പിടിച്ചാൽ 100% ലക്ഷ്യം കൈവരിക്കാൻ പറ്റുമെന്ന് പ്രതീക്ഷ ഉണർത്തുന്നുണ്ട് . 

അതി ദാരിദ്ര്യ പട്ടികയിലെ ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതും ബന്ധപ്പെട്ട് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറെ വിളിച്ചു സംസാരിച്ചു.നാലുപേർക്ക് ഭൂമിയും സ്ഥലവും വേണം. ഒരാൾക്ക് വീടും. നടപടി ക്രമങ്ങൾ പല കാരണങ്ങളാൽ തടസ്സപ്പെട്ടുകിടക്കുന്നു.2025 നവമ്പർ മാസത്തോടെ അതിദാരിദ്യ മുക്ത സംസ്ഥാനമെന്ന ലക്ഷ്യമിടുന്നുണ്ട്. കാര്യങ്ങൾ മുന്നോട്ടു നീക്കാനുള്ള ചർച്ചകൾ നടത്തി.

2025 മാർച്ച് 14

ഇന്ന് മാർച്ച് 14 2025 എന്നത്തേയും പോലെ ഓഫീസിലെത്തി.വഴിയിൽ വെച്ച് തന്നെ ജോയിൻ ഡയറക്ടറുടെ ഫോൺ സന്ദേശം ഉണ്ടായിരുന്നു. അദ്ദേഹത്തെ ജില്ലാ കളക്ടർ വിളിച്ചിരിക്കുകയാണ്.  അദ്ദേഹം പങ്കെടുക്കേണ്ട ജലജീവൻ മിഷൻ സംബന്ധിച്ച് യോഗത്തിൽ പങ്കെടുക്കണം. ഈ ഓഫീസ് തുറന്നു നോക്കിയപ്പോൾ കുറെയധികം ഫയലുകൾ വന്നു കിടക്കുന്നു. തലേദിവസം കണ്ണൂർ യാത്രയായതിനാൽ ഫയലുകൾ ഒന്നും നോക്കിയിരുന്നില്ല. ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു കൊണ്ട് തന്നെ ഫയലുകൾ പരിശോധിച്ചു തുടങ്ങി 60 ഫയലുകളാണ് ഒറ്റ ദിവസം വന്നെത്തിയത് അടുത്തൊന്നും ഇത്രയധികം ഫയലുകൾ ഒന്നിച്ച് എത്തിയിരുന്നില്ല.

ഉച്ചയ്ക്ക് ശേഷം കുറ്റാരോപണം നേരിടുന്ന ഒരു ഉദ്യോഗസ്ഥന്റെ ഹിയറിങ് നടത്തേണ്ടതുണ്ടായിരുന്നു.മൊഴി രേഖപ്പെടുത്തി വൈകുന്നേരം അല്പം മുന്നേ ഓഫീസിൽ നിന്നും ഇറങ്ങി.

 സ്വകാര്യവും കൂടി നോക്കണല്ലോ തിരുവനന്തപുരം വിജിലൻസ് വിഭാഗത്തിൽ വിളിച്ചു നോക്കി.എനിക്ക് എതിരെയുള്ള ശിക്ഷാനടപടികൾ സംബന്ധിച്ച് ഫയൽ മുന്നോട്ടു പോയിട്ടുണ്ട് ഉടൻ തീർപ്പാക്കുമെന്ന പ്രത്യാശയോടെ ഓഫീസ് വിട്ടു.

2025, മാർച്ച് 13

എന്നത്തെയും പോലെ ഇന്നും അതായത് 13 സാധാരണ ദിവസം പോലെ ആയിരിക്കുമെന്ന് വിചാരിച്ചു.പയ്യന്നൂരിൽ നിന്ന് കാസർഗോഡ് ട്രെയിൻ കയറി പകുതി വഴിയെത്തിയപ്പോഴാണ് സെക്രട്ടറി വിളിക്കുന്നത്. ഇന്ന് യുവജന കമ്മീഷൻ സിറ്റിംഗ് കണ്ണൂരിൽ നടക്കുന്നു.സാർ എപ്പോഴാണ് എത്തുക.എനിക്ക് അറിയിപ്പ് ഒന്നും കിട്ടിയിരുന്നില്ല എന്ന് ഞാൻ പറഞ്ഞു.

ഓഫീസിലെത്തി സെക്ഷനിൽ അന്വേഷിച്ചു. രക്ഷയില്ല സെക്ഷനിലും അറിവില്ല. അൽപ നേരത്തിനു ശേഷം സെക്ഷൻ ക്ലാർക്കിൽ നിന്ന് വിവരമെത്തി. യുവജന കമ്മീഷൻ സിറ്റിംഗ്  അറിയിപ്പ് കിട്ടിയിരുന്നു.പത്താം തീയതി മെയിൽ വന്നതാണ്കാ.ര്യം കുഴഞ്ഞു. കമ്മീഷന്റെ സിറ്റിങ്ങിൽ ഹാജരാകാതിരിക്കുന്നത്  പ്രത്യേകിച്ചും ഗുരുതരമായ വീഴ്ചയാണ് . പ്രത്യേകിച്ചും അറിയിപ്പ് കിട്ടിയിട്ടുള്ള സാഹചര്യത്തിൽ . എന്താ ചെയ്യുക ഡെപ്യൂട്ടി ഡയറക്ടർ ആണ് പങ്കെടുക്കേണ്ടിയിരുന്നത്. സാധാരണ വിഷയം എന്റേതായതുകൊണ്ട് ഡെപ്യൂട്ടി ഡയറക്ടർ എന്നെ ചുമതലപ്പെടുത്തുകയാണ് ചെയ്യുക. ഡെപ്യൂട്ടി ഡയറക്ടറും ഓഫീസിൽ ഇല്ല.വിവരം ഞാൻ ജോയിൻറ് ഡയറക്ടറോട് പറഞ്ഞു.അദ്ദേഹത്തിന് ആശങ്കയായി.ഒരു വണ്ടി അറേഞ്ച് ചെയ്ത് തരാമെന്ന് പറഞ്ഞു. കണ്ണൂരിൽ എത്തണം.ഒരു മണിക്ക് മുമ്പെങ്കിലും എത്തണം.അപ്പോഴേക്കും 11 മണി കഴിഞ്ഞിരുന്നു. ഇനി ഏതായാലും വണ്ടിയിൽ പോയാൽ കണ്ണൂരിൽ ഒരുമണിക്കു മുന്നേ എത്തില്ല.കുമ്പള സെക്രട്ടറിക്ക് സന്ദേശം അയച്ചു.നിലവിലെ സ്റ്റാറ്റസ് അറിയിക്കാൻ പറഞ്ഞു.പതിനാലാമത്തെ നമ്പറാണ് കാസർഗോഡിന്റേത്. ഇപ്പോൾ നാലാം നമ്പർ ആയിട്ടേയുള്ളൂ വളരെ പതുക്കെ ആയിട്ടാണ് നടക്കുന്നത്. പെട്ടെന്നാണ് മറ്റൊരു ഐഡിയ തോന്നിയത് ഇന്റർസിറ്റി എക്സ്പ്രസ്സിൽ കണ്ണൂരിലേക്ക് പോകാമെന്നുള്ളത്. ചെങ്കള ഗ്രാമപഞ്ചായത്തിൽ നിന്ന് വന്ന വാഹനത്തിൽ കയറി റെയിൽവേ സ്റ്റേഷനിലേക്ക് . ഇന്റർസിറ്റിയിൽ കയറി ഓരോ സ്റ്റേഷനിൽ എത്തുമ്പോഴും കുമ്പള സെക്രട്ടറിയോട് അപ്ഡേഷൻ ചോദിച്ചു കൊണ്ടിരുന്നു. ഹിയറിംഗ് വളരെ പതുക്കെയാണ് നീങ്ങുന്നത്.ഇപ്പോൾ ആറായിട്ടേയുള്ളൂ.നീലേശ്വരം എത്തി. അപ്പോഴാണ് പ്രതീക്ഷ തോന്നിയത്. 14 ആകുമ്പോഴേക്കും കണ്ണൂർ എത്താൻ സാധ്യതയുണ്ട് . പയ്യന്നൂർ എത്തിയപ്പോൾ 8. ന പ്രതീക്ഷയുണ്ട്. ഇനി ഒറ്റ സ്റ്റോപ്പ് മാത്രം. അപ്രതീക്ഷിതമായി വണ്ടി സ്ലോ ആയി. പഴയങ്ങാടിയിൽ ട്രാക്ക് റിപ്പയർ വർക്ക് നടക്കുന്നു.പഴയങ്ങാടി കഴിഞ്ഞ് വണ്ടി നല്ല വേഗതയിൽ തന്നെ കണ്ണൂരിലെത്തി.സ്റ്റേഷൻ ഇറങ്ങിയോടി ഒരു ഓട്ടോപിടിച്ച് സിവിൽ സ്റ്റേഷനിൽ എത്തി.ഓഡിറ്റോറിയത്തിൽ എത്തിയപ്പോൾ ഹിയറിംഗ് കഴിഞ്ഞിട്ടില്ല. ആശ്വാസമായി.

ഓഫീസിൽ ഇത്തരം തപാലകൾ വന്നാൽ ശ്രദ്ധയിൽപ്പെടാതെ പോകുന്നത് വലിയ വീഴ്ചയാണ്. പ്രത്യേകിച്ചും യുവജന കമ്മീഷൻ പോലുള്ള സ്റ്റാറ്റ്യൂട്ടറി പദവിയിലുള്ള സ്ഥാപനങ്ങൾ നടത്തുന്ന യോഗങ്ങളിൽ. അ ഹിയറിങ് പങ്കെടുക്കാതിരുന്നാൽ കടുത്ത ശിക്ഷാനടപടികൾക്ക് വിധേയമാകാൻ സാധ്യതയുണ്ട് .ഏതായാലും വലിയ ആശ്വാസമായി ജോയിൻറ് ഡയറക്ടർ എൻറെ യാത്രാവിവരം എടുക്കാൻ അന്വേഷിച്ചുകൊണ്ടിരുന്നു എല്ലാവരും മുൾമുനയിൽ ആയിരുന്നു.വലിയൊരു അപകടം ഒഴിഞ്ഞുപോയി.കഴിഞ്ഞതവണ ഹീയറിങ്ങിൽ പങ്കെടുത്തത് കൊണ്ട് വിഷയം നന്നായി അറിയാമായിരുന്നത് കൊണ്ട് കൃത്യമായി കാര്യങ്ങൾ ബോധിപ്പിച്ചു. ഒരു റിപ്പോർട്ട് പിന്നീട് അയച്ചു നൽകാൻ പറഞ്ഞു രണ്ടു മണിക്കുള്ള ട്രെയിനിൽ തിരിച്ച് പയ്യന്നൂരിലെ വസതിയിലേക്ക്. ട്രെയിൻ കയറിയപ്പോഴാണ് ജില്ലാ പദ്ധതി സംബന്ധിച്ച് യോഗം നടക്കുന്ന കാര്യം ജോയിൻ്റ് ഡയറക്ടർ അറിയിക്കുന്നത്. ഓൺലൈനായി ഗൂഗിൾ മീറ്റിൽ പങ്കെടുത്തു.എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ടു ചില അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.ട്രെയിൻ പയ്യന്നൂർ എത്തിയതോടെ മീറ്റിംഗ് കഴിഞ്ഞു.

അപ്പോഴാണ് ഒന്ന് രണ്ട് സെക്രട്ടറിമാർ വിളിച്ചു വെറ്റ് ചെയ്യേണ്ട പ്രൊജക്ടുകൾ സമർപ്പിച്ച കാര്യം പറയുന്നത് വീട്ടിലെത്തി മൂന്ന് ബ്ലോക്കിലെയുമായി 5  പദ്ധതികൾ വെറ്റ് ചെയ്യാൻ ഉണ്ടായിരുന്നു അത് പൂർത്തീകരിച്ചു. ഓൺ ലൈൻ സൗകര്യങ്ങൾ ഓഫീസിൽ നിന്ന് മാറി നിന്നാലും സേവനം നൽകുന്നതിനുള്ള അവസരം തുറന്നു തരുന്നു. സന്നദ്ധത മാത്രം മതി.

2025, മാർച്ച് 12

ഇന്ന് 12/03/2025 രാവിലെത്തന്നെ ഓഫീസിലെത്തി.ഇ ഓഫീസിൽ പരിമിതങ്ങളായ ഫയലുകളാണ് ഉണ്ടായിരുന്നത്.പന്ത്രണ്ട് മണിക്ക് ഒരു ഓൺലൈൻ യോഗം നടത്തണം.പെൻഷൻ ഡാറ്റാ പ്യൂരിഫിക്കേഷനാണ്. തൽസ്ഥിതി വിവരങ്ങൾ വിലയിരുത്തി യോഗം നടത്തി.


മനുഷ്യാവകാശ കമ്മീഷനിലേക്ക് കുറേയധികം റിപ്പോർട്ടുകൾ പഞ്ചായത്തിൽ നിന്ന് കിട്ടാനുണ്ടെന്നും ഇക്കാര്യം കമ്മീഷൻ ഗൗരവമായി എടുത്തിട്ടുണ്ടെന്ന വിവരം അറിയിക്കുന്നതിനും ജോയിൻ്റ് ഡയറക്ടർക്ക് പേര് വച്ച കവറിൽ കത്ത് കൈമാറാനും കമ്മീഷൻ്റെ പ്രതിനിധി ഓഫീസിലെത്തിയിരുന്നു. ഏഴു ദിവസങ്ങൾക്കകം വിവരങ്ങൾ ശേഖരിച്ച് നൽകണമത്രേ. വിഷയം ജോയിൻ്റ് ഡയറക്ടറുമായി ചർച്ച ചെയ്തു.ബസപ്പെട്ട സെക്രട്ടറിമാരുടെ യോഗം നാലു മണിക്ക് വിളിക്കാൻ ക്ലാർക്ക് റെജീനയെ ചുമതലപ്പെടുത്തി.


ഉച്ഛയ്ക്ക് ശേഷം നിശ്ചയിച്ചിരുന്ന ജില്ലാ സദ്ഭരണ പദ്ധതി രൂപീകരണ കരട് നിർദ്ദേശ ചർച്ചകൾ മാറ്റിവച്ചു.
നിയമസഭാ ചോദ്യങ്ങൾ തുരുതുരാ വരുന്നുണ്ട്.സെക്ഷൻ ക്ലാർക്ക് ബാബു ജാഗരുകനാണ്.അദ്ദേഹം തയ്യാറാക്കുന്ന മറുപടികൾ അംഗീകരിച്ച് നൽകണം.നിയമസഭാ കാലത്ത് അങ്ങനെയാണ്.എം എൽ എ മാർ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് യഥാസമയം മറുപടി നൽകണം.ഇതിനായി ഒരു പ്രത്യേക വിഭാഗം രാപ്പകൽ ജാഗ്രതയോടെ ഇരിക്കണം. ഇതിനിടയിൽ മറ്റ് പരാതി, ഓഡിറ്റ്, നിയമസഭാ സമിതി ഫയലുകളും വരുന്നുണ്ട്.

രണ്ട് വ്യക്തിപരമായ പ്രശ്നങ്ങൾ നിലനിൽക്കുന്നു.എനിക്കെതിരെ നടന്നിട്ടുള്ള കുറ്റാരോപണത്തിൽ നടപടി നടക്കുകയാണ്. എന്നെ കുറ്റവിമുക്തനാക്കിയാലേ പെൻഷൻ കിട്ടുകയുള്ളൂ. എൻ്റെ മറുപടി തിരുവനന്തപുരത്തെ വിജിലൻസ് ഡി സെക്ഷനിൽ എത്തിയിട്ടുണ്ട്. മേലുദ്യോഗസ്ഥരും കൂടി കാണണം.ഫോൺ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

സറണ്ടർ ഓഫ് ലീവ് ക്രെഡിറ്റിലെ അപാകതകൾ പരിഹരിക്കുന്നതിന് അക്കൗണ്ടൻറ് ജനറൽനെ സംബോധന ചെയ്ത് നൽകിയ കത്ത് ഫോളോ അപ്പ് ചെയ്യാൻ സുഹൃത്ത് ഐടി വകുപ്പിലെ ശ്രീജേഷിനെ ഓർമിപ്പിച്ചു എല്ലാം ഓർമിപ്പിച്ച് കൃത്യമായി ഫോളോ അപ്പ് ചെയ്താലേ കാര്യങ്ങൾ നടക്കുമെന്ന് സ്ഥിതിയാണ്ന.മ്മൾ ഫോളോ അപ്പ് ചെയ്യാത്തത് കൊണ്ട് കാര്യങ്ങൾ നടക്കാതിരിക്കരുതല്ലോ.

വൈകുന്നേരം നാലു മണിക്ക് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ട വിവരങ്ങൾ സംബന്ധിച്ച് സെക്രട്ടറിമാരുമായി ഓൺലൈൻ യോഗം നടത്തി.അഞ്ച് മണിക്ക് റെയിൽവേ സ്റ്റേഷനിലേക്ക് .

ഏഴര മണിക്ക് നികുതി പിരിവ് ഉദ്യോഗസ്ഥരുടെ മീറ്റിംഗുണ്ട്.ചുമതലയുള്ള മംഗൽപാടി, നീലേശ്വരം മുനിസിപ്പാലിറ്റി, കുമ്പള, മൊഗ്രാൽപുത്തൂർ, ബദിയഡുക്ക പഞ്ചായത്തുകളുടെ സ്ഥിതിവിവരം അവലോകനം നടത്തി.ഭാവി പരിപാടികൾക്ക് രൂപം നൽകി.

2025, മാർച്ച് 11

11 3 2025 രാവിലെ കൊയിലാണ്ടിയിൽ നിന്നായിരുന്നു പുറപ്പാട്.തിരുവനന്തപുരം എക്സ്പ്രസിൽ വലിയ തിരക്കില്ലായിരുന്നു.സ്ലീപ്പറിൽ കയറി നല്ല ഉറക്കം.ഇറങ്ങാറായപ്പോൾ ഫ്ലയിങ് സ്ക്വാഡ് ലീഡർ മദനിയെ കണ്ടു.

അദ്ദേഹത്തിൻറെ വാഹനത്തിൽ ഓഫീസിലേക്ക്.ഓഫീസിൽ എത്തിയ ഉടനെ ജോയിൻ്റ് ഡയറക്ടറുമായി ഒരു കൂടിക്കാഴ്ച.ജില്ലാ പദ്ധതി തയ്യാറാക്കാൻ ചുമതല നൽകിയിട്ടുള്ള ആർജെഎസ് കുട്ടികളും ഉണ്ടായിരുന്നു. ഇന്ന് വൈകുന്നേരത്തോടെ പ്രവർത്തി ഏകദേശം പൂർത്തീകരിക്കാനും അടുത്ത ദിവസം അതായത് നാളെ ഉച്ചയ്ക്ക് ശേഷം സമിതി അംഗങ്ങളുടെ യോഗം അഭിപ്രായ സ്വരൂപണത്തിനായി വിളിച്ചുചേർക്കാനും തീരുമാനിച്ചു.പെട്ടെന്ന് തന്നെ കൂടിക്കാഴ്ച അവസാനിച്ചു.സീറ്റിൽ പോയിരുന്ന് ഓഫീസിലെ ഫയലുകൾ മുഴുവൻ തീർത്തു അധികമൊന്നും ഉണ്ടായിരുന്നില്ല.ഉച്ചയ്ക്കുശേഷം ജില്ലാ  സദ്ഭരണ പദ്ധതി സംബന്ധിച്ച് വിശദമായ വായന നടത്തി.അത്യാവശ്യ തിരുത്തലുകളും വരുത്തി.കരട് അന്തിമമാക്കി.തയ്യാറാക്കിയ കരട്  സെക്ഷൻ ക്ലാർക്ക് ജിതിനോട് കരട് ബന്ധപ്പെട്ട അംഗങ്ങൾക്ക് അയക്കാനും അടുത്ത ദിവസത്തേക്കുള്ള യോഗത്തിൻറെ കത്തയക്കാനും നിർദ്ദേശം നൽകി.


സ്വന്തം കാര്യം കൂടി നോക്കണമല്ലോ. അവസാനനിമിഷം ചെന്ന് ചാടിയ ആപത്തിൽ നിന്ന് എന്തായാലും കരകയറിയേ പറ്റൂ.എൻറെ കുറ്റാരോപണ പത്രികയ്ക്കുള്ള മറുപടി ഡയറക്ടറും സർക്കാരും അംഗീകരിച്ചതായി മനസ്സിലാക്കി.ഇനി വിജിലൻസിന്റെ ക്ലിയറൻസും കൂടി കിട്ടണം.വിജിലൻസ് ഓഫീസിലെ ബന്ധപ്പെട്ട സെക്ഷനെ വിളിച്ച് ഒന്ന് ശ്രദ്ധിക്കാൻ അഭ്യർത്ഥിച്ചു.ശ്രദ്ധിച്ചോളാമെന്ന് പറയുകയും ചെയ്തു. കാര്യങ്ങൾ നടന്നു കിട്ടാൻ സർക്കാർ ഓഫീസുകളിൽ വലിയ ബുദ്ധിമുട്ടാണ്.അത് ആരുടെയും വ്യക്തിപരമായ പ്രശ്നമല്ല.ഓഫീസ് നടപടിക്രമങ്ങളുടെ ഭാഗമാണ്.സഹിച്ചേ പറ്റൂ.

ഉച്ചക്ക് ശേഷം ഔദ്യോഗിക ഗ്രൂപ്പിൽ  ഒരു സർക്കാർ ഉത്തരവ് കണ്ടു.പ്രമോഷൻ ലിസ്റ്റ് ഇറങ്ങിയിരിക്കുന്നു ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിലേക്ക് ആറുപേരെ തിരഞ്ഞെടുത്തിരിക്കുന്നു ഒന്നാമനായി തിരഞ്ഞെടുക്കേണ്ടിയിരുന്ന എന്നെ  കുറ്റാരോപിതൻ എന്ന നിലയിൽ ഒഴിവാക്കിയിരിക്കുന്നു. സർവീസിന്റെ അവസാനഘട്ടത്തിൽ കിട്ടേണ്ട ഒരു പ്രമോഷൻ ഏകദേശം കൈവിട്ടുപോയി !!!

2025, മാർച്ച് 10


​10/03/2025

​രണ്ടാം ശനിയാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കും ശേഷമുള്ള ആദ്യ പ്രവൃത്തിദിവസം.

​വാർഷിക പദ്ധതിയിലെ നിരവധി പ്രൊജക്റ്റുകൾക്ക് ഇനിയും അംഗീകാരം ലഭിക്കാനുണ്ട്. പരമാവധി പദ്ധതി വിനിയോഗം (Plan Outlay) ലക്ഷ്യമിട്ട് തദ്ദേശ സ്ഥാപനങ്ങൾ സമർപ്പിച്ച ഭേദഗതികൾക്ക് ജില്ലാ പ്ലാനിംഗ് സമിതി (DPC) അംഗീകാരം നൽകിയിരുന്നു. എന്നാൽ ഇവ സിസ്റ്റത്തിൽ അപ്‌ഡേറ്റ് ചെയ്യുന്നത് വൈകുന്നത് പഞ്ചായത്തുകളുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന അവസ്ഥയാണ്.

​കഴിഞ്ഞ ദിവസം പരിശോധിച്ചപ്പോഴാണ് നൂറ്റിയമ്പതോളം പ്രൊജക്ടുകൾ 'വെറ്റ്' (Vet) ചെയ്യാൻ ബാക്കിയുണ്ടെന്ന് മനസ്സിലായത്. ഓഫീസിലിരുന്ന് ചെയ്താൽ ഇത് തീർക്കാൻ കുറഞ്ഞത് നാലു ദിവസമെങ്കിലും എടുക്കും. സന്ദർശകരും മറ്റ് ഔദ്യോഗിക തിരക്കുകളും ജോലിയുടെ വേഗത കുറയ്ക്കുമെന്ന് ഉറപ്പാണ്.

​അതുകൊണ്ട് തന്നെ വീട്ടിലിരുന്ന് ജോലി തീർക്കുക എന്നതായിരുന്നു പ്രായോഗികമായ ഏക വഴി. യാത്രാസമയം ലാഭിക്കാമെന്നു മാത്രമല്ല, കൂടുതൽ ഏകാഗ്രതയോടെ ജോലി ചെയ്യാനും സാധിക്കും. ജോയിന്റ് ഡയറക്ടറെ ഫോണിൽ വിളിച്ച് കാര്യം അവതരിപ്പിച്ചു, ഒരു ദിവസത്തെ അവധിക്ക് അപേക്ഷ നൽകി. മറ്റ് മീറ്റിംഗുകളോ തിരക്കുകളോ ഇല്ലാത്തത് തീരുമാനമെടുക്കാൻ സഹായകമായി.

​ഉച്ചയ്ക്ക് മൂന്ന് മണിയോടെ മുഴുവൻ പദ്ധതികളുടെയും വെറ്റിംഗ് പൂർത്തിയാക്കി. വിവരം സെക്രട്ടറിമാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ അറിയിക്കുകയും പുതിയ പദ്ധതികൾ സമർപ്പിക്കുമ്പോൾ അറിയിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. കുറച്ചു ദിവസങ്ങളായി മനസ്സിലുണ്ടായിരുന്ന ഒരു വലിയ ഭാരം ഒഴിഞ്ഞതുപോലെ തോന്നി. ഇനി ഇ-ഓഫീസിലെ ഫയലുകൾ കൂടി തീർത്താൽ നാളെ തികച്ചും 'ക്ലീൻ സ്ലേറ്റിൽ' പുതിയ കാര്യങ്ങൾക്കായി ഓഫീസിലെത്താം.

​പണ്ട് പഞ്ചായത്ത് സെക്രട്ടറിയായിരുന്ന കാലത്തും മിനിറ്റ്സ് എഴുതിത്തീർക്കാൻ ഇതുപോലെ അവധിയെടുത്ത് വീട്ടിലിരുന്ന് ജോലി ചെയ്യാറുണ്ടായിരുന്നു. മേലുദ്യോഗസ്ഥൻ ഓഫീസിലില്ലാത്ത ദിവസം 'അടിച്ചുപൊളിക്കാം' എന്ന് കരുതുന്ന ചിലരുണ്ടാകാം. എന്നാൽ, തിരക്കുകളില്ലാത്ത അത്തരം ദിവസങ്ങൾ പരമാവധി ജോലി ചെയ്തു തീർക്കാൻ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ഉദ്യോഗസ്ഥരും എന്നാണ് എന്റെ വിശ്വാസം.


2025, മാർച്ച് 9

09/03/2025

ഞായറാഴ്ചയാണ്, അവധിയാണ്, തുടർച്ചയായ രണ്ട് ദിവസം അവധി. 

മേലാ ഫീസായതുകൊണ്ടാണ് വലിയ തിരക്കുഭവപ്പെടാത്തത്. മാർച്ച് മാസം വകുപ്പ് ഏറ്റവും സജീവമാകുന്ന ഒരു മാസമാണ്.

ബജറ്റ് പ്രഖ്യാപനം, വാർഷിക പദ്ധതിയുടെ പരിസമാപ്തി, നികുതി ശേഖരണം, പുതുവർഷത്തെ പദ്ധതി അംഗീകരം കൂടാതെ സാധാരണ ഗതിയിലുള്ള പ്രവർത്തനങ്ങളും. പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും വിശ്രമമില്ലാതെ ജോലി ചെയ്യുന്ന സാമ്പത്തിക വർഷത്തിൻ്റെ പരിസമാപ്തി കുറിക്കുന്ന മാസം.

ഇന്നും ജില്ലയിലെ മിക്ക ഓഫീസുകളും തുറന്നു പ്രവർത്തിക്കുന്നുണ്ട്. നികുതി ശേഖരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് അവർ.

ഏതൊരു സ്വയം ഭരണ സ്ഥാപനത്തിൻ്റെയും ആത്യന്തിക ലക്ഷൃം സ്വയം പര്യാപ്തതയാണ്. അതാണ് ഗാന്ധിജി സ്വപ്നം കണ്ട ഗ്രാമം. അതു കൊണ്ട് തന്നെ സാമ്പത്തിക സ്വയം പര്യാപ്തതയിലേക്കുള്ള ആദ്യ പടിയാണ് ലഭിക്കേണ്ട നികുതികളും ഫീസുകളും ഒക്കെ ചോർച്ചയില്ലാതെ പിരിച്ചെടുക്കുക എന്നത്.  ഈ ലക്ഷൃം സാക്ഷാത്കരിക്കുന്നതിനുള്ള ശ്രമമാണ് ഈ അവധി ദിന ഡ്യൂട്ടി. 

എനിക്ക് ചുമതലയുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പുരോഗതി ഒന്ന് വിലയിരുത്തി. ഇപ്പോൾ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയാണ് മോണിറ്ററിംഗും ആശയ വിനിമയവും കാര്യക്ഷമമായി നടക്കുന്നത്. ഇതൊരു നിയമപരമായ ബാദ്ധ്യതയാണോ ? വാട്സാപ്പിലൂടെയുള്ള ഈ ഔദ്യേഗിക കാര്യകലാ പ ങ്ങൾ ... 

അല്ല.  പക്ഷെ ലക്ഷ്യത്തിലെത്താൻ എന്തുകൊണ്ടും ഉപകാരപ്രദം. തൊണ്ണൂറ്റിയൊമ്പതു ശതമാനം പേരും സഹകരിക്കും. ചെറിയ ശതമാനം ജീവനക്കാർ അതൃപ്തി പ്രകടിപ്പിക്കും.  അതൊക്കെ അതിൻ്റെ വഴിയേ നടക്കും.

രണ്ടു ദിവസത്തെ അവധി കഴിയുന്നു. നാളെ അടുത്ത ഘട്ടത്തിലേക്ക്.




2025, മാർച്ച് 8

 ഇന്ന് രണ്ടാം ശനിയാഴ്ചയാണ്. അവധിയാണ്. ഔദ്യോഗികമായി പ്രത്യേകിച്ചൊരു ഉത്തരവാദിത്തമോ ചുമതലയോ നിർവ്വഹിക്കാനില്ല. ഇന്ന് അവധിയായതുകൊണ്ട് . ഇന്നലെ ക്ഷേത്രത്തിൽ നടന്ന ആചാര വരവിനും പാണ്ഡിമേളത്തിനും വാളകം കുടലും വെടിക്കെട്ടിനും സാക്ഷ്യം വഹിക്കാൻ കഴിഞ്ഞു.

Friday, March 14, 2025

2025 മാർച്ച് 7

ഇന്ന് 7 .  വീട്ടിനടുത്തുള്ള ശക്തൻ കുളങ്ങര ക്ഷേത്രത്തിൽ ഉത്സവമാണ് അതുകൊണ്ട് ഇന്ന് രാവിലെ യാത്ര കൊയിലാണ്ടിയിൽ നിന്നാണ്.06 35 നുള്ള ട്രെയിനിൽ യാത്ര ആരംഭിച്ചു.ജോയിൻ ഡയറക്ടർ നിർദേശിച്ചതനുസരിച്ച് ജില്ലാ കളക്ടർ വിളിച്ചുചേർത്ത ഒരു യോഗത്തിൽ അദ്ദേഹത്തിന് വേണ്ടി പങ്കെടുക്കണം. യാത്രയ്ക്കിടയിൽ ഒന്ന് രണ്ട് തവണ ഡയറക്ടർ വിളിച്ച് മീറ്റിങ്ങിൽ പറയേണ്ട കാര്യങ്ങൾ സൂചിപ്പിച്ചു.വിവരങ്ങൾ വാട്സ്ആപ്പ് ചെയ്തു തന്നു.ഓഫീസിൽ എത്തി യോഗത്തിൽ പങ്കെടുക്കാൻ തയ്യാറെടുക്കുമ്പോഴാണ് യോഗം മാറ്റിവെച്ച അറിയിപ്പ് ലഭിക്കുന്നത് .ഇ ഓഫീസിലെ ഫയലുകൾ നോക്കി 12.00 മണിക്ക് പെൻഷൻ ഡാറ്റ പ്യൂരിഫിക്കേഷനുമായി ബന്ധപ്പെട്ട് യോഗം വിളിച്ചു ചേർക്കണം.യോഗത്തിൽ ബന്ധപ്പെട്ട എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പങ്കെടുത്തിരുന്നു.ഒരു മണിക്കൂർ നീണ്ട യോഗം ഒരു മണിക്ക് അവസാനിച്ചു.അന്ന് ഓഫീസിൽ മറ്റ് ഓഫീസർമാർ ഹാജലില്ലാത്തതിനാൽ എൻറെതല്ലാത്ത ചില ഫയലുകൾ ഇ-  ഓഫീസിൽ അംഗീകാരത്തിനായി വന്നിട്ടുള്ളത് തീർത്തു കൈയ്യൂർ ഗ്രാമപഞ്ചായത്തിന്റെ പദ്ധതികൾ വെറ്റിംഗ് ചെയ്തു കൊടുത്തു.

ഉത്സവം പ്രമാണിച്ച് ഉച്ചക്ക് ശേഷം ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങി.

2025, മാർച്ച് 6

ഇന്ന് 6 3 2025 എൻറെ ജന്മദിനം രാവിലെ 4 30 മണിക്ക് ക്ഷേത്രദർശനം നടത്തി.ഓഫീസിൽ ഫയലുകൾ നോക്കാൻ ഇന്ന് സമയം കിട്ടില്ല. ഒരു ശിൽപ്പശാലയിൽ പങ്കെടുക്കേണ്ടതുണ്ട്. അതുകൊണ്ട് രാവിലെ തന്നെ ഇ- ഓഫീസ് ലോഗിൻ ചെയ്തു ബാക്കിയുള്ള ഫയലുകൾ ഒക്കെ നോക്കി തീർത്തു.ഓഫീസിൽ കൃത്യസമയത്ത് തന്നെ എത്തി.ജില്ലാ തയ്യാറാക്കുന്നുണ്ട്ആ.ർജെഎസ് കുട്ടികൾ തയ്യാറാക്കിയ കരട് അവരുടെ തന്നെ സാന്നിധ്യത്തിൽ പരിശോധിച്ചു.ഭേദഗതികൾ നിർദ്ദേശിച്ചു.സിറ്റി ടവറിൽ നടക്കുന്ന സെക്രട്ടറിമാരുടെ ഏകദിന വ്യവസായ കേന്ദ്ര ശില്പശാലയിൽ പങ്കെടുക്കണം.12 മണിക്ക് ഓഫീസ് വിട്ടു.ഉദ്ഘാടന സെഷനിൽ പങ്കെടുത്തു.അഡ്വക്കേറ്റ് ഗംഗാധർജിയുടെ ക്ലാസ് അല്പം കേട്ടതിനു ശേഷം തിരികെ ഓഫീസിലേക്ക്.

ജില്ലാ പ്ലാനിംഗ് സമിതി കഴിഞ്ഞ സമയമായിരുന്നു.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതി ഭേദഗതി നടത്തിയത് ഓരോന്നായി അടിയന്തരമായി പരിശോധിക്കണം.കാരണം സാമ്പത്തിക വർഷ അവസാനമാണ് ബില്ലുകൾ സമർപ്പിക്കേണ്ടതുണ്ട് കാഞ്ഞങ്ങാട് ബ്ലോക്കിലെ മുഴുവൻ പഞ്ചായത്തുകളുടെയും വെറ്റിങ്ങ് പൂർത്തീകരിച്ചു.നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തൃക്കരിപ്പൂർ പഞ്ചായത്തിന്റെ വെറ്റിംഗും പൂർത്തീകരിച്ചു.

കൊയിലാണ്ടിയിലെ താമസസ്ഥലത്തിനടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവം നടക്കുകയാണ്വൈ.വൈകുന്നേരം ആറുമണിയോടെ കൊയിലാണ്ടിയിൽ എത്തി. അടുത്ത ദിവസം അവധി എടുക്കാം എന്ന് ആണ് വിചാരിച്ചത്.പക്ഷേ വൈകുന്നേരത്തോടെ ഡെപ്യൂട്ടി ഡയറക്ടറുടെ ഫോൺകോൾ വന്നു അദ്ദേഹത്തിന് അടിയന്തരമായി വീട്ടിൽ പോകേണ്ട സാഹചര്യം വന്നതുകൊണ്ട് നാളെ നടക്കുന്ന യോഗങ്ങളിൽ പങ്കെടുക്കണം. അവധിയെടുക്കാമെന്ന വിചാരം തത്കാലം മാറ്റിവച്ചു.

2025 മാർച്ച് 5

 05/03/2025


ഇന്ന് പുറപ്പാട് പയ്യന്നൂരിൽ നിന്നാണ്. കൈയ്യിൽ പാഥേയവുമായി മംഗലാപുരം ലോക്കൽ ട്രെയിനാണ്. ട്രെയിൻ പയ്യന്നൂർ എത്തുമ്പോഴേയ്ക്കും ട്രെയിൻിൽ ഇരിപ്പിടം ബാക്കിയുണ്ടാവില്ല. വളരെ ആസൂത്രിതമായ ചില നീക്കങ്ങൾ നടത്തിയാൽ സീറ്റ് തരപ്പെടും. മിക്കവാറും കാസറഗോഡ് വരെ നിക്കേണ്ടിവരാറുണ്ട്. ട്രെയിൻ കാസറഗോഡ് എത്തുന്നത് വലിയ ഒരു കോലാഹലത്തോടെയായിരിക്കും. യാത്രക്കാർ ഇറങ്ങാൻ തിരക്കു കൂട്ടും ഇറങ്ങിക്കഴിഞ്ഞാ ബസ് പിടിക്കാനുള്ള യുദ്ധസമാനമായ തിടുക്കമാണ്. സ്റ്റെയറിനടുത്തെത്തിയാൽ മുൻ പിൻ ചിന്തയില്ലാതെ തള്ളി നീങ്ങണം. മടി കാണിച്ചാൽ വാലറ്റക്കാരനാകും. മിക്കവാറും കളക്ടറേറ്റിലേയ്ക്ക് പോകുന്ന ബസ്സിൽ അവസാനം കയറുന്നത് ഞാനായിരിക്കും. അങ്ങനെ അന്നത്തെ ദിവസം കെ എസ് ആർ ടി സിയിൽ ഫുട്ബോർഡിൽ ഒറ്റക്കാലിൽ നിന്ന് യാത്രചെയ്യുമ്പോൾ  സഹയാത്രികനായ ഇൻറേണൽ വിജിലൻസ് ഓഫീസർ ചെവിയിൽ പറഞ്ഞു. ഇനി ഇരുപത്തിയാറു ദിവസം.

അതെ റിട്ടയർമെൻ്റിന് ഇനി ഇരുപത്തിയാറു ദിവസം. ബോദ്ധ്യമുണ്ട് ആ അനിവാര്യത.

ലോക്കൽ ട്രയിനിൽ വന്നാഞ കൃത്യ സമയത്ത് ഓഫീസിലെത്താം. 

വിവരാവകാശ നിയമപ്രകാരമുള്ള ഒന്നാം അപ്പീൽ അതോറിറ്റിയുടെ ഹിയറിംങ്ങുകൾ ഇന്നാണ്. ഭരണ പരമായ സൌകര്യാർത്ഥം എല്ലാ ബുധനാഴ്ചയും ഇതിനായി നീക്കി വച്ചിരിക്കുകയാണ്. പൊതുജനങ്ങൾക്ക് പൊതു അധികാരികളുടെ പക്കൽ നിന്ന് വിവരങ്ങക്ൾ ലഭിക്കുന്നതിനായി നടപ്പിലാക്കുന്ന  കേന്ദ്രനിയമ ത്തിലെ ഒന്നാം അപ്പീൽ അതോറിറ്റിയുടെ വേഷമാണ്  അണിയേണ്ടത്. പഞ്ചായത്തുകളിൽ വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷകൾ വേണ്ടത്ര വരും. അവയിൽ ചുരുക്കം ചിലത് അപ്പീലായി എൻ്റെ മുന്നിലെത്തും. കുറഞ്ഞത് ആഴ്ചയിൽ രണ്ട് അപേരക്ഷകളുണ്ടാകും. അപേക്ഷകരുടെയും പബ്ലിക് ഇൻഫോർമേഷൻ ഓഫീസർമാരുടെയും സൗകര്യാർത്ഥം ഓൺലൈൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കും അപേക്ഷകർക്കും അവശ്യമെങ്കിൽ ഓൺലൈനായി ഹിയറിംഗിൽ പങ്കെടുക്കാം. ഇന്ന് 5 ഹിയറിംങ്ങുകളാണ് നടക്കേണ്ടത്. ക്ലാർക്ക് റെജീന എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്. നിയമത്തിൻറെ പ്രബലമായ പിൻബലമുള്ള വിഷയമായതിനാൽ തന്നെ ആവശ്യത്തിലേറെ ജാഗ്രത ഓഫീസിൽ ഈ വിഷയത്തിൽ പുലർത്തിയിട്ടുണ്ട്.

 ബദിയടുക്ക,തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തുകളിലെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരിൽ ഒരാൾ ഓൺലൈനായും മറ്റൊരാൾ നേരിട്ടും ഹിയറിങ്ങിൽ ഹാജരായി.മറ്റു മൂന്നു പഞ്ചായത്തുകളിലെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരും ഹിയറിങ്ങിൽ ഹാജരായില്ല.തൃക്കരിപ്പൂർ, ബദിയഡുക്ക, പുത്തിഗെ ഗ്രാമപഞ്ചായത്തുകളിലെ അപേക്ഷകരിൽ രണ്ടുപേർ നേരിട്ടും ഒരാൾ ഓൺലൈനായും അപ്പീൽ അതോറിറ്റിക്ക് മുന്നിൽ ഹാജരായി. അപേക്ഷകർ മിക്കവാറും  ആവശ്യപ്പെട്ട വിവരങ്ങൾ ലഭിക്കാത്തതിനാൽ ആണ് അപ്പീൽ സമർപ്പിച്ചിട്ടുള്ളത്. എല്ലാവരെയും ഹിയർ ചെയ്തു സമാധാനിപ്പിച്ച് വിട്ടു. പഞ്ചായത്തുകളോട് കാലതാമസമില്ലാതെ വിവരങ്ങൾ നൽകാൻ നിർദ്ദേശിച്ചു. പരാതിക്കാർ നല്ല ചൂടിലായിരിക്കും. അനുഭാവപൂർവ്വം ഇടപെട്ടാൽത്തന്നെ അവർക്ക് സമാധാനമാകും.  ഇനി അത് അപ്പീൽ അതോറിറ്റിയുടെ ഉത്തരവായി തയ്യാറാക്കി നൽകണം.


12 മണിക്ക് ജില്ലാ കളക്ടർ വിളിച്ചു ചേർത്ത അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി അവലോകന യോഗത്തിൽ പങ്കെടുത്തു.നവംബർ 2025 ഓടെ ജില്ലയെ അതി ദാരിദ്ര്യമുക്ത ജില്ലയായി പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ കളക്ടർ.അതിനായി പത്തോളം ഉദ്യോഗസ്ഥർക്ക് ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ചുമതലകൾ വീതിച്ചു നൽകിയിട്ടുണ്ട്.കൃത്യമായി കാര്യങ്ങൾ വിശകലനം ചെയ്ത ജില്ലാ കളക്ടർ പ്രതിദിനം സ്ഥിതിഗതികൾ വിലയിരുത്തി പുരോഗതി ഉറപ്പുവരുത്തണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.ഒരു മണിക്ക് യോഗം അവസാനിച്ചു.

എൻ്റെ ഏൺഡ് ലീവ് അക്കൗണ്ടിൽ കുറവു വന്നിട്ടുണ്ട്. കോറോണക്കാലത്തെ ഏൺഡ് ലീവ് നിരോധനം കൊണ്ട് സംഭവിച്ചതാണ്. അപേക്ഷ നൽകിയപ്പോൾ അനുവദിച്ച് കൊണ്ട് ഏൺഡി ലീവുകൾ കണക്കിൽ നിന്ന് കുറവ് വരുത്തി പക്ഷെ ക്യാഷ് ആയി കിട്ടിയില്ല. പ്രശ്ന പരിഹാരത്തിന് ആവശ്യമായ വിവരങ്ങൾ ക്ലാർക്ക് ബിനു മോൾ ശേഖരിച്ചു തന്നത് സുഹൃത്ത് ഇൻകം ടാക്സ് ഓഫീസർ ശ്രീജേഷിന് ഫോളോ അപ്പിനായി നൽകി.

ജില്ലാ പഞ്ചായത്തിൽ ഗ്രൂപ്പ് ഇൻഷൂറൻസ് സ്റ്റൈറ്റ് എൽ ഐ സി പാസ് ബുക്കുകൾ  സാക്ഷ്യപ്പെടുത്തലിനായി കൊടുത്തത് കന്നഡ ട്രാൻസലേറ്റർ രഞ്ജിത്ത് തിരികെ കൊണ്ടുവന്നു തന്നു.ഇത്തരം ചെറിയ ചെറിയ സ്വന്തം കാര്യങ്ങൾ ഇനിയും ചെയ്തു തീർക്കാനുണ്ട്...

ഉച്ചയ്ക്കുശേഷം കുമ്പള ഗ്രാമപഞ്ചായത്തിൽ നികുതി ശേഖരണ അവലോകനയോഗം വച്ചിട്ടുണ്ടായിരുന്നു. ഭരണസമിതി അംഗങ്ങളും കൂടി പങ്കെടുക്കുന്ന പ്രസ്തുത യോഗത്തിലേക്ക് ഡെപ്യൂട്ടി ഡയറക്ടറോടൊപ്പം ചെങ്കള ഗ്രാമപഞ്ചായത്തിൻറെ  വാഹനത്തിൽ യാത്രയായി. സംസ്ഥാനത്തെ ഏറ്റവും വലിയ വകുപ്പാണ്. ജില്ലാ തലവന് സ്വന്തമായി വാഹനമില്ലാത്തത് ഒരു കുറവ് തന്നെയാണ്. ആവശ്യത്തിന് യാത്ര നടത്താൻ പഞ്ചായത്തുകളുടെ അല്ലെങ്കിൽ ശുചിത്വമിഷൻ്റെ വാഹനം ഉപയോഗിക്കുക എന്നുള്ളത് മാത്രമാണ് ഏക ഉപാധി.

കുമ്പള ഗ്രാമപഞ്ചായത്തിൽ പ്രസിഡണ്ട് കൂടാതെ മറ്റ് അംഗങ്ങളുടെ സാന്നിധ്യത്തിൽ ഒന്നരമണിക്കൂർ നീണ്ട അവലോകന യോഗത്തിൽ നടപ്പ് സാമ്പത്തിക വർഷം 100% നികുതി ശേഖരിക്കുന്നതിലേക്കുള്ള കർമ്മ പദ്ധതി തയ്യാറാക്കുകയും പദ്ധതിക്കനുസരിച്ച് കൃത്യമായി പ്രവർത്തിക്കുന്നതിനുള്ള നിർദ്ദേശവും നൽകി. അതോടൊപ്പം സുധീർ പൈയുടെ യക്ഷഗാന നിർമ്മാണ ത്തിൻറെ ബില്ല് തയ്യാറാക്കുന്നതും ആയി ബന്ധപ്പെട്ട സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അസിസ്റ്റൻറ് സെക്രട്ടറിയുമായി സംസാരിച്ചു. 

തിരികെ 4 30 മണിയോടെ ഓഫീസിൽ തിരിച്ചെത്തി. ഫയലുകൾ  ഇ- ഓഫീസിൽ വന്നു കിടക്കുന്നുണ്ട് . പൂർണ്ണമായും പരിശോധിച്ചു തീർത്തില്ലെങ്കിലും ബാക്കിയുള്ള ഫയലുകൾ സന്ധ്യയ്ക്ക് വീട്ടിൽ എത്തി ഓൺലൈനായി പരിശോധിക്കാമെന്ന് നിശ്ചയിച്ച് അഞ്ചുമണിയോടെ ഓഫീസിൽനിന്നും ഇറങ്ങി.

2025, മാർച്ച് 04

ഇ- ഓഫീസിൽ കുറേ ഏറെ ഫയലുണ്ടായിരുന്നു.ഒക്കെ രാവിലെത്തന്നെ തീർത്തു.ജില്ലാ പദ്ധതിയിൽ സദ്ഭരണ വിഭാഗം RGSA കുട്ടികൾ തയ്യാറാക്കുന്നുണ്ട്. ഒന്നിച്ചിരുന്ന് പ്രവർത്തനങ്ങൾ വിലയിരുത്തി. എനിക്കെതിരെയുള്ള  വിജിലൻസ് കേസിന്മേൽ വകുപ്പുതല നടപടി ബാക്കിയുണ്ട്.ക്ലാർക്ക് ബാബു തിരുവനന്തപുരത്ത് വിളിച്ച് വിവരങ്ങൾ ശേഖരിച്ചു.ഡയറക്ടറേറ്റിലെ കാര്യങ്ങൾ കഴിഞ്ഞു.ഇനി സെക്രട്ടറിയേറ്റിലാണ്.അപ്പോഴാണ് റിട്ടയേഡ് ഡയറക്ടർ തിരുമേനിസാർ വിളിച്ച് കാര്യങ്ങൾ തിരിക്കുന്നത്. മേലാഫീസുകളിലെ ഫയൽ നടപടിക്രമങ്ങളിൽ കുടുങ്ങിപ്പോകുന്ന കാര്യങ്ങളാണ് ചർച്ച ചെയ്തത്.

ജില്ലയിലെ നികുതി ശേഖരണ അവലോകന യോഗം 12 00 മണിക്ക് ആരംഭിച്ചു. ഡെപ്യൂട്ടി ഡയറക്ടറാണ്  യോഗം നടത്തുന്നത്. ചുമതലയുള്ള പഞ്ചായത്തുകളിലെ വിവരങ്ങൾ ചർച്ച ചെയ്തു.പിന്നാക്കം നിൽക്കുന്ന പഞ്ചായത്തുകളിൽ മീറ്റിംഗ് തിയതി നിശ്ചയിച്ചു.

വീണ്ടും സുധീർ പൈ ഓഫീസിലെത്തി. കുമ്പള സെക്രട്ടറിയെ വിളിച്ച് ബിൽ ഒന്നു കൂടി സമർപ്പിക്കാൻ പറഞ്ഞു. ട്രഷറിയിൽ ബിൽ പുനഃ സമർപ്പിക്കുന്നതിനുള്ള നടപടിക്രമത്തിൻ്റെ കരട് സ്വയം തയ്യാറാക്കി കുമ്പള സെക്രട്ടറിക്ക് നൽകി.

2025, മാർച്ച് 3

വ്യക്തിപരമായ കാരണങ്ങളാൽ ആകസ്മിക അവധിയെടുത്തു.ഇടയ്ക്ക് ക്ലാർക്ക് ബാബുവിൻ്റെ ഫോൺ വന്നു.ഒരു നിയമസഭാ ചോദ്യത്തിന് അടിയന്തിര മറുപടി നൽകണം.നിയമസഭ നടക്കുന്ന വേളകളിൽ അംഗനെയാണ്.എം എൽ മാർ വകുപ്പുമായി ബന്ധപ്പെട്ട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പെട്ടെന്ന് മുപടി നൽകണം. യുദ്ധകാലാടിസ്ഥാനത്തിലാണ് ഇടപാടുകൾ. മറുപടി ഇ -  ഓഫീസിൽ  അംഗീകരിച്ചു നൽകി.


2025, മാർച്ച് 02

2025 മാർച്ച് 2 

അവധി ദിവസമാണ്. ഓദ്യോഗേതര വിഷയങ്ങളിൽ വ്യാപൃതനാകാനുള്ള ദിവസമാണ് സത്യം പറഞ്ഞാൽ ഒരു സർക്കാർ ഉദ്യോഗസ്ഥന് ഒരു ദിവസം മതിയാകുന്നതാണോ.

ബോംബെയിലെ മില്ലുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ അവകാശസമരത്തിൻ്റെ ഭാഗമായി നേടിയെടുത്തതാണ് ഞായർ അവധി. ആഴ്ചയുടെ അവസാനമായതും പള്ളിയിൽ പോകേണ്ടതുമൊക്കെയായിരിക്കാം നറുക്ക് ഞായറാഴ്ചയിൽ വീണത്. 

 മുടി വെട്ടാനും ഷേവിംഗ്, ഷോപ്പിംഗ് മുതലായ വ്യക്തിപരമായ ആവശ്യങ്ങൾക്കും, കുടുംബപരമായ ആവശ്യങ്ങൾക്കും സാമൂഹികമായ ഇടപെടലുകൾക്കും വിനോദങ്ങൾക്കുള്ള സാദ്ധ്യതകൾ എന്നിനിവയ്ക്ക്യ്ക്ക് വീക്കെൻ്റിലുള്ള ഒറ്റ അവധി എത്രകണ്ട് ഉപകാരപ്പെടും ? പ്രത്യേകിച്ച്  ജോലി സ്ഥലവും താമസസ്ഥലവും തമ്മിലുള്ള അകലം വർദ്ധിക്കുമ്പോൾ ആഴ്ചയിലൊരു ദിവസം ഒരു വ്യക്തി എന്ന നിലയിൽ ഇതിനൊക്കെ പര്യാപ്തമാണോ. 

കുട്ടികൾ കാത്തിരിക്കും. അവരോടൊത്ത് വീട്ടിന് പുരത്തുള്ള വിശാലമായ സ്ഥലത്ത് ഏതെങ്കിലും കളി, പിന്നെ കുട്ടകളുടെ കീ ബോർഡ്,വായ്പ്പാട്ട് ക്ലാസ്സ് പിന്നെ സ്വന്തം തബല. വീടിലെ മറ്റ് കാര് രൾ ഭാര്യ നോക്കി കോളും എന്നതിനാൽ വലിയ തലവേദനയില്ലാതെ തന്നെ ഞായറാഴ്ച നടന്നു പോകും. കാര്ന്ന്രദ്യോഗസ്ഥൻ മേൽപറഞ്ഞ ഉദ്യോഗേതര അനിവാര്യതകളിലേക്ക് അൽപ്പനേരം ഓഫീസ് സമയങ്ങളിൽ നിന്ന് കവർന്നെടുത്താൽ കുറ്റപ്പെടുത്താനാവുമോ. രണ്ടഭിപ്രായങ്ങൾ ഉണ്ടാകാം .

ചർച്ചകൾ സജീവമാണ് സർക്കാരോ ഫീസുകൾ ആഴ്ചയിൽ അഞ്ച് ദിവസമാക്കണം അതിലെ ശരി തെറ്റുകൾ ചർച്ച ചെയ്യപ്പെടുന്നുണ്ട്. സമീപ ഭാവിയിൽ തീരുമാനങ്ങളുണ്ടായേക്കാം.

സേവനവിരാമ ചിന്തകൾ കരി വണ്ടുകളെപ്പോലെ തലക്ക് ചുറ്റും കറങ്ങുന്നുണ്ട്. പെൻഷൻ പേപ്പറുകൾ ശരിയാക്കണം, പാടിത്തുടങ്ങിയ പാട്ട് നന്നായി അവസാനിപ്പിക്കണം, യാത്രയയപ്പ് ഉണ്ടാകും, എല്ലാവരോടും യാത്ര പറയണം. ഇതെൻ്റെ ആദ്യത്തെ കല്യാണമാണല്ലേ ന്നതിൻ്റെ പരിഭവമാണ് എന്ന് പറഞ്ഞതുപോലെ, ആദ്യത്തെ റിട്ടയർമെൻ്റിൻ്റെ പരിദ്രമം എന്നിലും കടന്നു കൂടിയിരുന്നു - എല്ലാം പുത്തൻ അനുഭവങ്ങളാണല്ലേ.. അടുത്ത വാരത്തിലേക്ക് ചെയ്യേണ്ട കാര്യങ്ങൾ ഓരോന്നായി മനസ്സിൽ കണ്ട് ഞായറാഴ്ച കഴിച്ചുകൂട്ടി.

2025 മാർച്ച് 1

മുപ്പത് വർഷം നീണ്ടു നിന്ന സർക്കാർ സേവനം അവസാനിക്കാൻ ഇനി കൃത്യം ഒരു മാസം. കാസറഗോഡ് ജോയിൻ്റ് ഡയറക്ടർ ഓഫീസിൽ അസിസ്റ്റൻറ് ഡയറക്ടറാണ്. ആവശ്യത്തിന് അവധിയുണ്ട്. ഏകദേശം അഞ്ചുമാസം അവധിയെടുക്കാനുള്ള വിഭവങ്ങൾ അക്കൗണ്ടിലുണ്ട്. അവസാന ദിവസം വരെ ജോലി ചെയ്യുന്നതാണ് ശരിയെന്ന് മനസ്സു പറഞ്ഞു കൊണ്ടിരുന്നു. അതു പ്രകാരം അവസാന മാസത്തേക്ക് കാലെടുത്ത് വച്ചപ്പോഴും അവധിയെക്കുറിച്ച് ആലോചിച്ചതേയില്ല.

സാധാരണ പോലെ ത്തന്നെ രാവിലെ ഓഫീസിലെത്തി. ഇ ഓഫീസിലെ ഫയലുകൾ ഓരോന്നായി തീർപ്പാക്കി. ഓഫീസിൽ ഇങ്ങനെയൊരു മാറ്റം പത്തു വർഷമായി ചർച്ച ചെയ്തു വരുന്നുവെങ്കിലും പേപ്പറും പേനയും ഫയൽ പാഡുമില്ലാതെയുള്ള പേപ്പർ ലെസ്സ് ഓഫീസ്. 

രാവിലെ പതിനൊന്നു മണിക്ക് ഒരു ഓൺലൈൻ യോഗം നടത്തേണ്ടതുണ്ട്.. ക്ലാർക്ക് ചിത്ര വന്ന് ഓർമ്മിപ്പിച്ചു. ഹാജരിൽ രണ്ട് പേർ കുറവുണ്ട്. അതു കൊണ്ടു തന്നെ യോഗം 10 മിനിട്ട് വൈകി. സർക്കാറിൻ്റെ കരുതലും കൈത്താങ്ങും അദാലത്ത് പരാതികൾ തീർപ്പാക്കണം. മാർച്ചിലെ തിരക്കാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. അദാലത്തിലെ കഴമ്പുള്ളതും ഇല്ലാത്തതുമായ പരാതികൾക്ക് കൃത്യമായ മറുപടി നൽകണം.  സെക്രട്ടറിമാരെ കുറ്റം പറയാൻ കഴിയില്ല. അവർക്ക് നൂറു കൂട്ടം ഉത്തരവാദിത്വം ഉള്ളതാണ്. യോഗത്തിൽ പറയാനുള്ളതൊക്കെ സംക്ഷിപ്തമായി പറഞ്ഞ് പെട്ടെന്ന് യോഗം അവസാനിപ്പിച്ചു.

യോഗം കഴിഞ്ഞപ്പോഴാണ് കുമ്പളയിലെ യശശരീരനായ അനന്ത പൈയുടെ മകൻ സുധീർ പൈ എത്തുന്നത്. പിതാവ് പാർത്ഥി സുബ്ബ യക്ഷഗാന കേന്ദ്രത്തിൻ്റ നിർമ്മാണ കമ്മിറ്റി കൺവീനറായിരുന്നു. കോടതി നിർദ്ദേശപ്രകാരം കിട്ടാനുള്ള തുക മാറിക്കിട്ടുന്നില്ല. ട്രഷറിയിൽ തടസ്സം പറയുന്നു. എന്തു ചെയ്യണമെന്നറിയാതെ ഉപദേശം തേടിവന്നതാണ്. വളരെ സങ്കീർണ്ണമായ വിഷയമാണെന്നറിയാം. മുമ്പ് ഫയൽ കൈകാര്യം ചെയ്ത അസിസ്റ്റൻറ് ഡയറക്ടർ സുഭാഷിനെ വിളിച്ചു. പഴയ ADC ഓഫീസിലെ ഫയലാണ്. ക്ലാർക്ക് രജിന ഫയൽ തപ്പിയെടുത്തു. ഉച്ചയ്ക്ക് ശേഷം ചിലരേഖകളുമായി ജില്ലാ ട്രഷറി ഓഫീസറെ കണ്ടു. ഒട്ടും പ്രതീക്ഷ തരുന്നതായിരുന്നില്ല കൂടിക്കാഴ്ച. നൂലാമാല വളരെ സങ്കീർണ്ണമാണ്. ഉദ്യോഗസ്ഥരും മൊത്തം സിസ്റ്റം തന്നെയും കൈമലർത്തും ജനങ്ങൾ നിസ്സഹായരായി ഓടി നടക്കും. കോടതി വിധിയും സർക്കാർ ഉത്തരവും ഒക്കെ അനുകൂലമാണെങ്കിലും പിതാവ് പൊതു ആവശ്യത്തിന് ചിലവഴിച്ച കാശ് കിട്ടാൻ പരക്കം പാഞ്ഞ പൈയുടെ മുന്നിൽ സാങ്കേതികത്വം കീറാമുട്ടിയായി നിലകൊണ്ടു.

പൈയെ സഹായിക്കണമെന്നുണ്ട്. പക്ഷെ എങ്ങനെ ?

ശനിയാഴ്ചയാണ് കൊയിലാണ്ടിയിലുള്ള വീട്ടിലെത്തണം. മാവേലി എക്സപ്രസ്സിൽ  സീസൺ ടിക്കറ്റ് യാത്രയോടെ ഒരു ദിവസം കൂടി പിന്നിട്ടു.